മൂവാറ്റുപുഴ : ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്കാരത്തിൽ മൂന്നാം സ്ഥാനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വീണാ ജോർജ്, ആന്റണി രാജു തുടങ്ങിയവരാണ് പുരസ്കാരം സമ്മാനിച്ചത്.
രോഗീ സൗഹൃദ പദ്ധതികൾ, ചെലവഴിച്ച തുക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, മലിനീകരണ നിയന്ത്രണം, ആരോഗ്യ മേഖലയുടെ സമഗ്ര വികസന പദ്ധതികൾ തുടങ്ങിയവയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. മൂന്ന് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.
ആലുവ ജില്ലാ ആശുപത്രിയിൽ ഒരുങ്ങുന്ന ജെറിയാട്രിക് കേന്ദ്രത്തിൽ ഒരു കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. കൊവിഡ് ബാധിതർക്കായി നടപ്പാക്കിയ വിവിധ പദ്ധതികളും നേട്ടത്തിന് കാരണമായി.അക്വാട്ടിക് തെറാപ്പിക്കായി സ്വിമ്മിംഗ് പൂൾ, നൂതന ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നീ സേവനങ്ങൾ സൗജന്യമായി ഒരുക്കാനും ജില്ലാ പഞ്ചായത്തിന് സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |