കൊച്ചി: മൂന്നാം ക്ളാസ് വിദ്യാർത്ഥിയായ ശ്രാവൺ പരിചയസമ്പന്നനായ മരപ്പണിക്കാരനെ പോലെ മരക്കഷ്ണങ്ങൾ ചേർത്തുവച്ച് ആണിയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് കുഞ്ഞു ബെഞ്ചുകളും ഒരു മേശയുംറെഡി. പിന്നീട് ശ്രാവൺ ടീപോയ് നിർമ്മാണത്തിലേക്ക് കടന്നു. ഇടപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന എറണാകുളം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലാണ് ചേപ്പനം ചാത്തമ്മ സ്കൂളിലെ വിദ്യാർത്ഥിയായ ശ്രാവൺ മരപ്പണിയിലെ പ്രാഗത്ഭ്യം തെളിയിച്ചത്. ശ്രാവണിനെ പോലുള്ള പ്രതിഭകളാണ്
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി രണ്ടു ദിവസം നീളുന്ന മേളയിൽ പങ്കെടുക്കുന്നത്.
ഇടപ്പള്ളി ഗവ.എച്ച്.എസ്.എസ്, ഇടപ്പള്ളി പയസ് എസ്.എച്ച് ഫോർ ഗേൾസ് എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്നു. സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള ഗവ.എച്ച്.എസിലും ശാസ്ത്ര, ഗണിതശാസ്ത്ര മേള പയസിലുമാണ് നടക്കുന്നത്.
കുട്ടിപ്രതിഭകൾ
വിസ്മയമായി
പാഴ്വസ്തുക്കളിൽ വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞൻമാരുടെ കണ്ടുപിടുത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞുകുഞ്ഞു നിർമ്മാണ മാതൃകകളും കാഴ്ചക്കാരെ അതിശയിപ്പിച്ചു. അതീവ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ ഓരോരുത്തരും തങ്ങളുടെ പ്രവൃത്തികളിൽ വ്യാപൃതരായി. കളിമണ്ണിലും മരത്തിലും പാഴ്വസ്തുക്കളിലും നിന്ന് വിദ്യാർത്ഥികൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു. അവരുടെ കരവിരുതുകൾ മൊബൈലിലേക്ക് പകർത്താനുള്ള തിരക്കായിരുന്നു എങ്ങും. മരത്തിലും തകരത്തിലുമുള്ള കൊത്തുപണികൾ, പ്ലാസ്റ്റർ ഒഫ് പാരിസിലെ ശില്പ, ചോക്ക് നിർമ്മാണം, കളിമൺ ശില്പങ്ങൾ, ഫാബ്രിക് പെയിന്റിംഗ്, ബുക്ക് ബൈൻഡിംഗ്, കുട, നെറ്റ് നിർമ്മാണം, പഴവർഗങ്ങളുടെ സംസ്കരണം തുടങ്ങി വിവിധ ഇനങ്ങളിലെ മത്സരത്തിൽ വിദ്യാർത്ഥികൾ പങ്കുചേർന്നു.
സമാപനം ഇന്ന്
ശാസ്ത്രോത്സവം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശാന്ത വിജയൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. ആർ.സുധർമ്മ, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.സതീഷ് കുമാർ , പി.എ. നിഷാദ് ബാബു, എ. ശങ്കരനാരായണൻ , പി.ടി.എ പ്രസിഡന്റ് ബൈജു ജോസഫ് , അനിൽ പാലത്തിങ്കൽ, പി.എം. സുബൈർ എന്നിവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത്, കൗൺസിലർ ശാന്ത വിജയൻ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |