പോക്കറ്റ് കാലിയാകില്ല: പഠനോപകരണങ്ങൾ വാങ്ങാൻ പൊലീസിന്റെ കുട്ടിച്ചങ്ങാതി

Friday 15 May 2026 12:04 AM IST
റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുട്ടിച്ചങ്ങായി

കണ്ണൂർ: പോക്കറ്റ് കാലിയാകാതെ പഠനോപകരണങ്ങൾ വാങ്ങാനുള്ള സൗകര്യമൊരുക്കി ജില്ലാ പൊലീസ് സഹകരണ സംഘം. കണ്ണൂർ നഗരത്തിലാരംഭിച്ച സ്‌കൂൾ മാർക്കറ്റാണ് രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നത്. റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിലെ വിശാലമായ കെട്ടിടത്തിലാണ് കുട്ടിച്ചങ്ങാതി സ്‌കൂൾ മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

ബാഗ്, കുട, നോട്ടുബുക്ക്, സ്റ്റേഷനറി, വാട്ടർബോട്ടിൽ, ലഞ്ച് ബോക്സ് തുടങ്ങി വിദ്യാർത്ഥികൾക്ക് വേണ്ടുന്ന മിക്ക സാധനങ്ങളും ഇവിടെയുണ്ട്. പൊതുവിപണിയെക്കാൾ 30 മുതൽ അമ്പത് ശതമാനംവരെ വിലക്കുറവിലാണ് വിൽപന. കുടകൾക്ക് 20 മുതൽ 25 ശതമാനം വരെ വിലക്കുറവുണ്ട്. ജോൺസ്, ദിനേശ്, പീറ്റ് ആൻഡ് ജോയ് തുടങ്ങിയ ബ്രാൻഡുകളുടെ കുടകളുണ്ട്. വിലക്കുറവുള്ള കൊറിയൻ ബ്രാൻഡ് കുടകളും ഇവിടെ വിൽപനയ്ക്കുണ്ട്. കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളും ചിത്രങ്ങളുമുള്ള കുടകൾ വേറെ. മുതിർന്നവർക്കുള്ള കുടകളുമുണ്ട്. ക്ലാസ‌്‌മേറ്റ്സ്, ഫാബർ കാസിൽ, പേപ്പർ ഗ്രിഡ്, ത്രിവേണി, ജോൺസ് തുടങ്ങിയ ബ്രാൻഡുകളുടെ നോട്ടുബുക്കുകൾക്ക് പൊതുവിപണിയെക്കാൾ മുപ്പത് ശതമാനം കുറവുണ്ട്.

ബാഗുകൾക്കും നല്ല കിഴിവുണ്ട്. അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ലൂണാർ, ഫെതർ തുടങ്ങി ഒമ്പത് ബ്രാൻഡുകളുടെ സ്‌കൂൾ ബാഗുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. പൊതുവിപണിയിൽ ആയിരം രൂപ വിലയുള്ള ബാഗുകൾ 500 മുതൽ 550 വരെ രൂപയ്ക്ക് ഇവിടെ നിന്നും ലഭിക്കും. റെയിൻ കോട്ട്, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, പൗച്ചുകൾ, പേന, പെൻസിൽ, ഇറേസർ, മറ്റ് സ്റ്റേഷനറി സാധനങ്ങളും ലഭിക്കും. രാവിലെ പത്തുമുതൽ ആറുവരെയാണ് പ്രവൃത്തി സമയം.