കണ്ണൂർ: ഇന്ന് നടക്കാനിരിക്കുന്ന കണ്ണൂർ സർവ്വകലാശാല രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത് ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷം. വിദ്യാർത്ഥികളുടെയും സെനറ്റംഗങ്ങളുടെയും പ്രതിഷേധങ്ങൾക്കൊടുവിലാാണ് വൈകിട്ട് ഹാൾടിക്കറ്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. എന്നാൽ വെബ്സൈറ്റിലെ നെറ്റ് വർക്ക് പ്രശ്നം കാരണം രാത്രി ഏറെ വൈകിയാണ് പലരും ഹാൾ ടിക്കറ്റെടുത്തത്.
സാധാരണ പരീക്ഷയുടെ ഒരാഴ്ച മുമ്പ് ഹാൾടിക്കറ്റ് വിതരണം നടക്കാറുണ്ട്. ഹാൾ ടിക്കറ്റ് ലഭിക്കാത്ത കാര്യം വിദ്യാർത്ഥികൾ കോളേജ് അധികൃതരെ നേരത്തെ അറിയിച്ചതാണ്. ഇന്നലെ രാവിലെ സെനറ്റംഗം ഡോ.ആർ.കെ. ബിജു പ്രതിഷേധവുമായി രംഗത്തെത്തുകയും മാദ്ധ്യമങ്ങളെ അറിയിക്കുകയുമായിരുന്നു.. അപ്പോഴും പരീക്ഷയിൽ മാറ്റമുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പരീക്ഷ കൺട്രോളർ. പ്രതിഷേധം ശക്തമായതോടെയാണ് ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ കയറ്റിയത്.
ഇതിന് ശേഷമാണ് പരീക്ഷക്കുള്ള സീറ്റിംഗ് സജ്ജീകരണം നടത്താൻ ആരംഭിച്ചത്. പരീക്ഷ വിഭാഗത്തിന്റെ നിരുത്തരവാദപരമായ നിലപാടിൽ സെനറ്റ് അംഗം ഡോ.ആർ.കെ.ബിജു പ്രതിഷേധം രേഖപെടുത്തി. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ അങ്കലാപ്പിലാക്കിയ പരീക്ഷ കൺട്രോളർക്കെതിരെ നടപടി സ്വീകരിക്കുവാൻ പോലും കഴിയാതെ സ്വന്തം സ്ഥാനം ഉറപ്പിക്കുവാൻ വേണ്ടി പാടുപെടുന്ന വൈസ് ചാൻസിലർക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |