ആരും സഹായത്തിനെത്തിയില്ല
തൃക്കരിപ്പൂർ: നിയന്ത്രണംതെറ്റിയ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് ഒരുമണിക്കൂറോളം റോഡിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. തൃക്കരിപ്പൂർ ചങ്ങാട്ട് സ്വദേശിയും പിലിക്കോട് പ്രാദേശികഗവേഷണകേന്ദ്രം താൽക്കാലിക അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസറുമായ കെ.വി.സനാസ് (30) ആണ് അപകടത്തെ തുടർന്ന് ബോധരഹിതനായി റോഡരികിൽ ആരാലും ശ്രദ്ധിക്കാതെ കിടന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നീലേശ്വരത്തിനടുത്ത പൂവാലകൈയിലെ ഒരു കൃഷിയിടം പരിശോധിക്കാനെത്തിയപ്പോഴാണ് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. റോഡിലെ കയറ്റം കയറുന്നതിനിടയിൽ ബൈക്ക് ഓഫായി.നിയന്ത്രണം തെറ്റി പിറകോട്ട് വന്ന ബൈക്ക് ഓവുചാലിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സനാസ് ബോധരഹിതനായി ഒരു മണിക്കൂറോളം കിടന്നു. ബോധം വീണപ്പോൾ പതിയെ ഇഴഞ്ഞ് റോഡരികിലെത്തി വഴിയാത്രക്കാരോടും വാഹന യാത്രികരോടും സഹായമഭ്യർത്ഥിച്ചുവെങ്കിലും ആരും ചെവികൊണ്ടില്ല . അരികിലേക്കെത്തിയ ചിലരാകട്ടെ മദ്യപിച്ച് ലക്കുകെട്ടതാണെന്ന് ആക്ഷേപിച്ച് കടന്നുപോകുകയായിരുന്നു. മൊബൈൽഫോണിൽ സംസാരിക്കാൻ കഴിയാതിരുന്നതിനാൽ ഏറെക്കഴിഞ്ഞ് ഇതുവഴിവന്ന ഒരാളുടെ സഹായത്താൽ സനാസ് കാർഷിക ഗവേഷണകേന്ദ്രത്തിലെ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഇവരാണ് സനാസിനെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ കൈ ഒടിഞ്ഞ യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |