കണ്ണൂർ : പ്രൈമറി ഹെഡ്മാസ്റ്റർ നിയമനത്തിന് വകുപ്പ് തല പരീക്ഷ പാസാകണമെന്ന സർക്കാർ ഉത്തരവിനെതിരെ നടക്കുന്ന നിയമയുദ്ധം പ്രാഥമിക വിദ്യാഭ്യാസമേഖലയ്ക്ക് ആകെ തിരിച്ചടിയാകുന്നു.
ഈ കാരണത്താൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപക നിയമനം നിയമക്കുരുക്കിലായിട്ട് മൂന്നു വർഷം പിന്നിട്ടുകഴിഞ്ഞു.
പ്രൈമറി ഹെഡ്മാസ്റ്റർ നിയമനത്തിന് വകുപ്പുതല പരീക്ഷ പാസാകണമെന്ന് കേരള വിദ്യാഭ്യാസ അവകാശനിയമം റൂൾ 18 (1) ൽ നിർബന്ധമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2018ലാണ് ഹെഡ്മാസ്റ്റർ നിയമനത്തിന് വകുപ്പുതല പരീക്ഷ വിജയം നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.ഈ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ,കേരള ഹൈക്കോടതി എന്നിവയിൽ സമർപ്പിക്കപ്പെട്ട കേസുകളിൽ സർക്കാർ നടപടി മേൽ കോടതികളും അംഗീകരിക്കുകയായിരുന്നു
എന്നാൽ വകുപ്പ് തല പരീക്ഷ പാസാകാത്തവരായാലും സീനിയോറിറ്റി പരിഗണിച്ച് നിയമിക്കണമെന്ന വാശിയിലാണ് ഭരണ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ .ഇതോടെ ഹെഡ്മാസ്റ്റർ നിയമനം തന്നെ നിയമക്കുരുക്കിലേക്ക് നീങ്ങുകയായിരുന്നു.
ഭേദഗതി വന്നു;എന്നിട്ടും
2021 ജനുവരിയിൽ ഭരണ പ്രതിപക്ഷ സംഘടനകളുടെ നിർബന്ധത്തിനു വഴങ്ങി അമ്പത് വയസ്സ് പ്രായമായ ഉദ്യോഗാർത്ഥികളെ വകുപ്പുതല പരീക്ഷ പാസായിട്ടില്ലെങ്കിലും ഹെഡ്മാസ്റ്റർ ആയി നിയമിക്കാം എന്ന് ഭേദഗതി കൊണ്ടുവന്നു. എന്നാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ.തുടർന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു .
ഇതിനുശേഷം 2021 നവംബറിൽ സീനിയോറിറ്റി മാത്രം പരിഗണിച്ച് സർക്കാർ വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്റർമാരെ താൽക്കാലികമായി നിയമിച്ചു. ഇവർക്ക് യാതൊരു വിധ സാമ്പത്തിക ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ല എന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. മുക്കാൽ ഭാഗം പ്രൈമറി വിഭാഗം പ്രഥമാദ്ധ്യാപകരും ഇത്തരത്തിൽ ആനുകൂല്യം നിഷേധിക്കപ്പെട്ടവരാണ്. ഇവരിൽ തൊണ്ണൂറ് ശതമാനം പേരും ടെസ്റ്റ് യോഗ്യത നേടിയവരാണുതാനും. ഇവരുടെയെങ്കിലും നിയമനം അംഗീകരിച്ച് ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തയ്യാറായിട്ടുമില്ല.
നടത്തിക്കൊണ്ടുപോകേണ്ടേ!
കേരളത്തിലെ സർക്കാർ എയ്ഡഡ് മേഖലകളിലെ പ്രൈമറി വിദ്യാലയങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് വലിയ ബുദ്ധിമുട്ടുകളാണ് ഹെഡ്മാസ്റ്റർമാർ പൊതുവേ നേരിടുന്നത്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി പ്രശ്നങ്ങളെ ഇവർ അഭിമുഖീകരിക്കേണ്ടതുണ്ട്. സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പ് ഫണ്ട് ലഭ്യതയില്ലായ്മ , സങ്കീർണമായ സാമ്പത്തിക നടപടി ക്രമങ്ങൾ , പ്രമോഷൻ ആനുകൂല്യങ്ങളില്ലായ്മ എന്നിങ്ങനെ ജോലിയിൽ തുടരാൻ കഴിയാത്ത തരത്തിലുള്ള മാനസിക സമ്മർദ്ദമാണ് പ്രൈമറി പ്രഥമാദ്ധ്യാപകർ അനുഭവിച്ചു വരുന്നത് .
ഭരണ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ വകുപ്പുതലപരീക്ഷാ യോഗ്യതയില്ലാത്ത അമ്പത് വയസ്സ് പിന്നിട്ടവരെ ഹെഡ്മാസ്റ്റർ പ്രൊമോഷന് പരിഗണിക്കണമെന്നുള്ള ദുർവാശി ആണ് പ്രഥമാദ്ധ്യാപക സ്ഥാനക്കയറ്റ പ്രതിസന്ധിക്ക് കാരണമായത്.
കെ. എൻ ആനന്ദ് നാറാത്ത് , സംസ്ഥാന പ്രസിഡന്റ്
കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |