പയ്യന്നൂർ : ശ്രീനാരായണ ഗുരുദേവ ശിഷ്യനും സ്വാതന്ത്ര്യ സമര സേനാനിയും അധ:സ്ഥിത ജനസമൂഹ പരിഷ്കർത്താവുമായ സ്വാമി ആനന്ദതീർത്ഥൻ 1931ൽ സ്ഥാപിച്ച ശ്രീ നാരായണ വിദ്യാലയ നവതി ആഘോഷങ്ങളുടെ സമാപനവും സ്വാമിയുടെ നവീകരിച്ച സാമാധിമണ്ഡപത്തിന്റെ സമർപ്പണവും 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ചടങ്ങിൽ സ്വാമി ആനന്ദ തീർത്ഥന്റെ പ്രതിമ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും മഹാത്മാ ഗാന്ധിയുടെ പ്രതിമ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും അനാവരണം ചെയ്യും. ഗാന്ധിജിയുടെ ചിതാഭസ്മ മണ്ഡപത്തിന്റെ സമർപ്പണം എം.കെ.രാഘവൻ എം.പി നിർവ്വഹിക്കും.
വൈകീട്ട് 4 ന് നടക്കുന്ന പരിപാടിയിൽ ടി. ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. റെയിൽവേ ഉപദേശക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തും.ഡോ:പി.വി.രാജഗോപാൽ ,ഡോ:എം.പി.മത്തായി,ഡോ:പുനലൂർ സോമരാജൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. അഡ്വ: സജീവ് ജോസഫ് എം.എൽ.എ. , നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, സ്ഥിരം സമിതി ചെയർമാൻ വി.ബാലൻ , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്
എ.കുഞ്ഞമ്പു തുടങ്ങിയവർ സംസാരിക്കും.പ്രതിമാ ശിൽപ്പികളായ ഉണ്ണി കാനായി, ചിത്രൻ കുഞ്ഞിമംഗലം, ആർകിടെക്റ്റ് ടി. സി.വി. ദിനേശൻ, കെട്ടിട നവീകരണ കർത്താവ്
എ. മുകുന്ദൻ എന്നിവരെ ഉപഹാരങ്ങൾ നൽകി സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് സെക്രട്ടറി കെ.പി. ദാമോദരൻ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് സെക്രട്ടറി കെ.പി.ദാമോദരൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എ. കുഞ്ഞമ്പു , സംഘാടക സമിതി ജനറൽ കൺവീനർ എൻ.രാഘവൻ, നവീകരണ സഹായ സമിതി വൈസ്ചെയർമാർ രാമകൃഷ്ണൻ കണ്ണോം, സമിതി കൺവീനർ എ.കെ.പി.നാരായണൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |