35 വീടുകൾക്ക് നാശനഷ്ടം
കൊല്ലം: പകൽമുഴുവൻ നീണ്ട കനത്ത മഴയും ഇരുൾ പ്രതീതിയും ജില്ലയിൽ ആശങ്ക വിതച്ചു. പലേടത്തും കടലാക്രമണം രൂക്ഷമായി. കാറ്റിലും മഴയിലും 35 വീടുകൾ ഭാഗികമായും ഒരു വീടു പൂർണ്ണമായും തകർന്നു. ഒരു കിണർ ഇടിഞ്ഞു താഴ്ന്നു. ജില്ലയിലെ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ജലാശയങ്ങളുടെ തീരങ്ങളടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലാണ്. മഴ തുടർന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.
വെള്ളപ്പൊക്കമുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 178 സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ റവന്യു വകുപ്പ് നടപടി തുടങ്ങി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തെന്മല ഡാമിന്റെ ഷട്ടർ 80 സെന്റീമീറ്റർ വരെ ഉയർത്തി ജലത്തിന്റെ ഒഴുക്ക് വർദ്ധിപ്പിച്ചു. ഇന്നലെ 70 സെന്റീമീറ്ററാണ് ആദ്യം ഉയർത്തിയത്. നീരോഴുക്ക് വർദ്ധിച്ചതോടെ 10 സെന്റീമീറ്റർ കൂടി ഉയർത്തുകയായിരുന്നു. ഇതോടെ കല്ലടയാറ്റിലും ഇത്തിക്കരയാറ്റിലും ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിർമ്മാണത്തിലിരുന്ന ആയുർ - അഞ്ചൽ റോഡിൽ കോഴിപ്പാലത്തിനു സമീപം റോഡ് ഇടിഞ്ഞുതാണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം കൈപ്പള്ളി മുക്കിൽ നിന്ന് തിരിച്ചുവിട്ടു.
പത്തനാപുരം അലി മുക്കിൽ റോഡിൽ വെള്ളക്കെട്ടു രൂപപ്പെട്ടു. റോഡിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. കൊട്ടാരക്കര വാളകത്തു എം.സി റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. മൺറോത്തുരുത്തിന്റെ പല ഭാഗങ്ങളിലും വെള്ളംകയറി. വീടുകൾ വെള്ളത്തിലായി. ശക്തമായ വേലിയേറ്റമാണ് ഇവിടെ അനുഭവപ്പെടുന്നത്. കിടപ്രം വടക്ക്, തെക്ക്, പെരിങ്ങാലം, പട്ടം തുരുത്ത്, നേന്മേനി കിഴക്ക്, കൺട്രങ്ങാണി തുടങ്ങിയ പ്രദേശങ്ങൾ പ്രളയ ഭീതിയിലാണ്.
വീടുകൾക്ക് നാശം
കൊല്ലം താലൂക്കിൽ 6 വീടുകൾക്ക് ഭാഗിക നാശമുണ്ടായി. 1.25 ലക്ഷം രൂപയുടെ നാശം. 9 ക്യാമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി. കരുനാഗപ്പള്ളി പാമ്പുവ ചുരുളിയിൽ ഒരു വീട് പൂർണ്ണമായി നശിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 10 വീടുകൾക്ക് ഭാഗിക നാശമുണ്ട്, നഷ്ടം 3.45 ലക്ഷം. 17വില്ലേജുകളിലായി 55 ക്യാമ്പുകൾ തുറക്കും. കുന്നത്തൂർ താലൂക്കിൽ 5 വീടുകൾക്ക് ഭാഗിക നാശം നേരിട്ടു. 22 ക്യാമ്പുകൾ ഇവിടെ തുറക്കും. പത്തനാപുരത്ത് ഒന്നും പുനലൂരിൽ മൂന്നും കൊട്ടാരക്കരയിൽ 10ഉം വീടുകൾക്ക് ഭാഗിക നാശമുണ്ടായി. ഒരു കിണർ ഇടിഞ്ഞു താണു. 33 ക്യാമ്പുകൾ തുറക്കാൻ ക്രമീകരണം ചെയ്തു.
വിവിധ നദികളിലെ ജലനിരപ്പ് (ഇപ്പോഴത്തെ നില - മുന്നറിയിപ്പ് നില, അപകട നില- മീറ്ററിൽ)
പള്ളിക്കലാർ (ആനയടി ഭാഗത്ത്): 12.86- 13.25, 14
കല്ലടയാർ (പുനലൂർ): 6.03- 4.50- 5.50
ഇത്തിക്കരയാർ (ആയുർ): 97.02- 98.50- 99.50
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |