കോട്ടയം: വിദ്യാർത്ഥികളിൽ ശുചിത്വസംസ്കാരം രൂപപ്പെടുത്താനും മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ നടപ്പാക്കുന്ന കളക്ടേഴ്സ്@ സ്കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് ഓണംതുരുത്ത് ഗവൺമെന്റ് എൽ.പി. സ്കൂളിൽ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യയക്ഷത വഹിക്കും. ജില്ലാ കളക്ടർ പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ബെവിൻ ജോൺ വർഗ്ഗീസ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്കുമാർ, എന്നിവർ പങ്കെടുക്കും.
സ്കൂളുകളിൽ
ബിന്നുകൾ സ്ഥാപിക്കും
വിദ്യാർഥികളിലൂടെ വീടുകളിലേക്കും വീടുകളിൽ നിന്ന് സമൂഹത്തിലേക്കും ശുചിത്വ സംസ്കാരം പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരള മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ എല്ലാ സ്കൂളുകളിലും നാലുതരം വസ്തുക്കൾ (പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽ, പാൽ കവർ, പേപ്പർ) സംഭരിക്കുന്നതിനുള്ള ശേഖരണ ബിന്നുകൾ സ്ഥാപിച്ചു വരുന്നു. കുട്ടികൾ തരംതിരിച്ച് ശേഖരിക്കുന്നവ സ്കൂളിൽ കൊണ്ടുവരികയും ബിന്നുകൾ നിറയുന്നതനുസരിച്ച് ഹരിതകർമ്മസേന മുഖേന നീക്കം ചെയ്യുകയും ചെയ്യും. രണ്ടാംഘട്ടത്തിൽ കുട്ടികളിലും രക്ഷകർത്താക്കളിലും ശുചിത്വ മാലിന്യ സംസ്കരണ ആശയങ്ങൾ പകർന്നു നൽകുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |