കോട്ടയം . ഇത്തവണ പൂക്കളമൊരുക്കാൻ അയൽസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ട. ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി പൂക്കൃഷി വ്യാപകമാണ്. ബന്തിപ്പൂവാണ് കൂടുതലായും കൃഷി ചെയ്തിരിക്കുന്നത്. ജില്ലയിൽ 15 ഏക്കറിലായാണ് കൃഷി. വൈക്കത്ത് 12 ഏക്കറിലും പാമ്പാടി ബ്ലോക്കിലെ കൂരോപ്പട, അകലക്കുന്നം പഞ്ചായത്തുകളിലായി 2.5 ഏക്കറിലും പൂക്കൾ കൃഷി ചെയ്തിട്ടുണ്ട്. പാമ്പാടി, വാഴൂർ ബ്ലോക്കുകളിൽ ആന്തൂറിയം, ഓർക്കിഡ് തുടങ്ങിയ പൂക്കളും കൃഷി ചെയ്യുന്നു. ഫ്ലോറികൾച്ചർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് കൃഷി. ഒരു സെന്റിൽ നിന്ന് പത്തു കിലോ പൂക്കൾ ലഭിക്കും. എല്ലായിടത്തും കൃഷി ആരംഭിച്ചിട്ട് രണ്ട് മാസമായി. ഇപ്പോൾ വിളവെടുക്കാൻ പാകമായിട്ടുണ്ട്. ഹോർട്ടികൾച്ചർ മിഷനാണ് തൈകളും വളവും വിതരണം ചെയ്യുന്നത്. കൃഷിവകുപ്പിന്റെ ഇക്കോഷോപ്പിലൂടെയും ഓണച്ചന്തകളിലൂടെയും വില്പന നടത്തുകയാണ് ലക്ഷ്യം.
ഓണത്തിന് ഒരുകുട്ട പൂവ്.
വൈക്കം ബ്ലോക്കിലെ പഞ്ചായത്തിൽ പ്രസിഡൻ്റ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ 'നിറവ്' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഓണത്തിന് ഒരുകുട്ട പൂവ് എന്ന പേരിലാണ് കൃഷി. കുടുംബശ്രീ, സ്വാശ്രയ പുരുഷ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ തുടങ്ങി അൻപതോളം ഗ്രൂപ്പുകളുടെ കൂട്ടായ പരിശ്രമമുണ്ട്. വൈക്കം അമ്പലത്തിലേക്കും കുടുംബങ്ങളിലേക്കുമുള്ള പൂക്കൾ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ പൂവിപണന കേന്ദ്രങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്. കൃഷി ചെയ്യുന്ന ഒരു ഗ്രൂപ്പിന് 4000 രൂപ ബ്ലോക്ക് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |