കോഴിക്കോട്: വിനോദ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സിയുടെ പുതുവത്സര സമ്മാനം. വടക്കേ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. തുടക്കത്തിൽ വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയായിരിക്കും യാത്ര. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബജറ്റ് ടൂറിസം സെൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രത്യേക ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്. പാക്കേജിന്റെ ആദ്യഘട്ടമായി ഈ മാസം 26ന് താമരശ്ശേരി ഡിപ്പോയിൽ നിന്ന് തുഷാരഗിരി- വനപർവം - പൂക്കോട് റൂട്ടിൽ അവധിദിന സർവീസ് ആരംഭിക്കും. ഒരു ദിവസം കൊണ്ട് വയനാട്ടിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര. താമരശ്ശേരി ഡിപ്പോയിൽ നിന്ന് അടിവാരത്തെത്തി പ്രഭാത ഭക്ഷണത്തിന് ശേഷം വയനാട് വൈത്തിരിയിലെ പൂക്കോട് തടാകത്തിലെത്തും. കരിന്തണ്ടൻ ക്ഷേത്രം വഴി ലക്കിടി വ്യൂ പോയന്റിൽ നിന്ന് ചുരംകാഴ്ച ആസ്വദിച്ച് ചിപ്പിലിത്തോട്ടിലെത്തും. തുടർന്ന് തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ സന്ദർശനം. നൂറാംതോട് വഴി അടിവാരത്തെത്തി ഒടുങ്ങാക്കാട് വഴി കാക്കവയൽ വനപർവത്തിലേക്കും അവിടെ നിന്ന് താമരശ്ശേരിയിലേക്ക് മടങ്ങും. 650 രൂപയാണ് യാത്രാനിരക്ക്. 26ന് താമരശ്ശേരിയിൽ നിന്ന് ഒരു ബസാണ് സർവീസ് നടത്തുക. തുടർന്നുള്ള അവധി ദിനങ്ങളിൽ ബുക്കിംഗ് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തും. 0495 2222217, 8848490187 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. മലബാറിലെ ഗവിയെന്ന് അറിയപ്പെടുന്ന വയലടയിലേക്കും സർവീസ് തുടങ്ങാൻ ആലോചനയുണ്ട്. വയലട, കക്കയം ഡാംസൈറ്റ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയായിരിക്കും സർവീസ്.
പുതുവർഷത്തിൽ ഗവിയിലേക്കും
കോഴിക്കോട് നിന്നുള്ള ഗവി സർവീസ് പുതുവർഷത്തിൽ ആരംഭിക്കും. പരിശോധനകൾ പൂർത്തിയാക്കി വനം വകുപ്പിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്, കണ്ണൂർ, വടകര ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി യാത്ര ആരംഭിക്കുന്നത്.
സഞ്ചാരികളെ പത്തനംതിട്ടയിൽ എത്തിച്ചശേഷം സെമി ബസുകളിലാണ് ഗവിയിലേക്ക് കൊണ്ടുപോവുക. മണിയാർ, മൂഴിയാർ, കക്കി, ആനത്തോട് വഴി ഗവിയിലെത്തും. രണ്ട് രാത്രിയും ഒരു പകലുമായാണ് യാത്ര. വൈകീട്ട് പുറപ്പെടുന്നതിനാൽ താമസ സൗകര്യം ബസിലൊരുക്കും. ഇതിനായി സ്ലീപ്പർ ബസുകളാണ് സജ്ജമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |