കോഴിക്കോട്: ഫെഡറേഷൻ കപ്പ് വോളിബാളിൽ കേരള ടീമുകളെ ലിബറോകൾ നയിക്കും. ആദ്യമായാണ് സീനിയർ വോളി ടൂർണമെന്റിൽ ടീമുകളെ ലിബറോകൾ നയിക്കുന്നത്. ഇന്ത്യൻ ടീമിൽ മികച്ച ലിബറോയായി പേരെടുത്ത കോഴിക്കോട്ടുകാരൻ സി.കെ.രതീഷാണ് പുരുഷ ടീം ക്യാപ്റ്റൻ. അഞ്ചാംവട്ട കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള വനിതാ ടീം ക്യാപ്റ്റൻ വയനാട് സ്വദേശിനി അശ്വതി രവീന്ദ്രനാണ്. വോളിബാളിൽ അറ്റാക്ക് ചെയ്യാൻ കഴിയാതെ പാസുകളെടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് ലിബറോകൾ. ഇവരുടെ ജേഴ്സിയും വ്യത്യസ്തമായിരിക്കും. പൊതുവേ ടീമിൽ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടുന്ന ലിബറോകൾക്ക് ക്യാപ്റ്റൻ സ്ഥാനം കിട്ടുന്നത് ഈ രംഗത്തേക്ക് പുതുതാരങ്ങളുടെ കടന്നുവരവിന് വഴിയൊരുക്കും.
രാജസ്ഥാനിലെ ഭീൽവാര സ്റ്റേഡിയത്തിൽ ഇന്നുമുതലാണ് മത്സരങ്ങൾ. കേരള പുരുഷ- വനിതാ ടീമുകൾ ഇന്നലെ രാത്രിയോടെ രാജസ്ഥാനിലെത്തി. വനിതാ വിഭാഗത്തിൽ നാലു ടീമുകളും പുരുഷ വിഭാഗത്തിൽ എട്ടു ടീമുകളുമാണ് മത്സരിക്കുക. ദേശീയ വോളിബാളിൽ കേരള പുരുഷ ടീമിന് പരിശീലനം നൽകിയ അബ്ദുൾ നാസറാണ് ഇത്തവണ വനിതാ ടീം കോച്ച്. രാധികാ കപിൽദേവാണ് അസി.കോച്ച്. മാനേജർ ഷീബ മാത്യു. പുരുഷ ടീം കോച്ച് കെ.ഐ.യൂസഫാണ്. അസി.കോച്ച് ശ്യാം ജി.കെ.തോമസും മാനേജർ ചാർളി ജേക്കബ്.
വനിതാ ടീം
കെ.എസ്.ജിനി, എം.ആർ.ആതിര, എസ്.സൂര്യ, അഭിൻ തോമസ്, മേരി അനീന, അനുശ്രീ, ശ്രുതി, ശരണ്യ, സേതുലക്ഷ്മി, മായാ തോമസ്, അഞ്ജലി ബാബു.
പുരുഷടീം
മുഹമ്മദ് മുബഷീർ, കെ.പി.സൗരവ്, കെ.എം.ഫൈസൽ, റിജാസ്, കെ.എസ്.രതീഷ്, അശ്വിൻ രാജ്, സുനിൽകുമാർ, രാകേഷ്, അൻഷാദ്, ഐബിൻ ജോസ് എന്നിവരാണ് പുരുഷ താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |