കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ 'ഉദയം" പദ്ധതിയിൽ നാലാമത്തെ ഹോം വെള്ളയിൽ തുറന്നു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഹോം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ രണ്ടാം വാർഷിക പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. സമൂഹത്തിൽ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ആവശ്യം നിറവേറുമ്പോഴാണ് യഥാർത്ഥ വികസനം നടപ്പാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിലൂടെ ഇതിനകം ഏതാണ്ട് 1400 പേരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരുന്നു. തെരുവിൽ അന്തിയുറങ്ങുന്നവരെ പുനരധിവസിപ്പിക്കുന്ന ഉദയം പദ്ധതി ഉദാത്ത മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. വി.കെ.സി.മമ്മദ്കോയ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി സർവിസ് പ്രഖ്യാപനവും ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി കമ്മ്യൂണിറ്റി മെഡിസിൻ സർവിസ് പ്രഖ്യാപനവും നിർവഹിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റീട്ടെയിൽ സെയിൽസ് മാനേജർ അമൽജിത്ത്, എച്ച്.എൽ.എൽ പ്രതിനിധി ആശിഷ് നായർ, വി.കെ.സി. മമ്മദ് കോയ, തണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി നാസർ, പാലക്കൽ അഹമ്മദ് തുടങ്ങിയവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. കോർപ്പറേഷൻ കൗൺസിലർ എം.കെ.മഹേഷ്, ഡെപ്യൂട്ടി കളക്ടർ അനിതാകുമാരി എന്നിവർ ആശംസയർപ്പിച്ചു. സാമൂഹ്യനീതി ഓഫീസർ അഷറഫ് കാവിൽ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |