കോഴിക്കോട്: പാചകവാതകമുൾപ്പെടെ ഇന്ധനവില വർധനവും അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും കൊണ്ട് ദുരിതത്തിലായ ജനതയെ സമാശ്വസിപ്പിക്കാൻ കേന്ദ്ര, കേരള സർക്കാറുകൾ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഈ മാസം 11 ന് പ്രാദേശികതലങ്ങളിൽ നിൽപ്പുസമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വൈകീട്ട് 4.30 മുതൽ 5 വരെ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം.
ഓൺലൈനിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി. ഇസ്മയിൽ, മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് ഇടനീർ, കെ.എ മാഹിൻ, സി.കെ മുഹമ്മദലി, നസീർ കാര്യറ, ടി.പി.എം ജിഷാൻ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് സ്വാഗതവും സെക്രട്ടറി ഗഫൂർ കൊൽക്കളത്തിൽ നന്ദിയും പറഞ്ഞു. അസീസ് കളത്തൂർ, സഹീർ ആസിഫ്, നസീർ നല്ലൂർ, പി.സി നസീർ, എം.പി നവാസ്, മിസ്ഹബ് കീഴരിയൂർ, ടി. മൊയ്തീൻ കോയ, ശരീഫ് കൂറ്റുർ, മുസ്തഫ അബ്ദുൾ ലത്തീഫ്, പി.എം മുസ്തഫ തങ്ങൾ, റിയാസ് നാലകത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |