കളന്തോട് (കോഴിക്കോട്): കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ സമരം ശക്തമാക്കിയ വിദ്യാർത്ഥികൾ വൈസ് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് ഓഫീസ് ഉപരോധിച്ചു .തിങ്കളാഴ്ച ആരംഭിച്ച സമരം പ്രശ്ന പരിഹാരമാവാത്തതിനാൽ ഇന്നലെ ശക്തമാക്കുകയായിരുന്നു. ശമ്പളം നൽകാത്തതിനാൽ അദ്ധ്യാപകർ നടത്തിയ സമരത്തെ തുടർന്ന് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ട 600 വിദ്യാർത്ഥികൾ ഫലം വന്നപ്പോൾ പരാജയപ്പെട്ടിരുന്നു. ഇതേതുടർന്നാണ് തിങ്കളാഴ്ച വിദ്യാർത്ഥികൾ സമരം തുടങ്ങിയത്.
മുക്കം പൊലീസ് ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിനിധികളും വൈസ് പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. തിരുവനന്തപുരത്തെ ടെക്നിക്കൽ എഡ്യുക്കേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ ഉറപ്പു നൽകി. പ്രശ്ന പരിഹാരം ഉടൻ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകി. ഏഴുമാസത്തോളം തുടർച്ചയായി ശമ്പളം ലഭിച്ചില്ലെന്നാരോപിച്ചാണ് കഴിഞ്ഞ ജനുവരിയിൽ അദ്ധ്യാപകർ പരീക്ഷ ഡ്യൂട്ടി ബഹിഷ്ക്കരിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് ഇതുമൂലം മുടങ്ങിയത്. മുടങ്ങിയ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കുമെന്നും ആരും പരാജയപ്പെടില്ലെന്നുമുള്ള ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |