കോഴിക്കോട്: ഓടുന്നവഴിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് ഗാന്ധിജയന്തിദിനത്തിൽ കായികതാരങ്ങളുടെ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ. കോഴിക്കോട് സായി സെന്ററിലെ നൂറോളം വരുന്ന കായികതാരങ്ങളാണ് സായിസെന്റർ മുതൽ ബീച്ച് വരെ ഓടുകയും വഴിയരികിലെ മാലിന്യങ്ങൾ പെറുക്കികൊണ്ട് മാതൃക കാണിക്കുകയും ചെയ്തത്.
ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ രാവിലെ ഏഴിന് സായികേന്ദ്രം പരിസരത്തുനിന്ന് ആരംഭിച്ചു. നിരവധി ചാക്കുകളിലായി ശേഖരിച്ച റോഡരികിലെ മാലിന്യങ്ങൾ ബീച്ചിൽവെച്ച് കോർപ്പറേഷന്റെ ഹരിതകർമസേനയ്ക്ക് കൈമാറി. തുടർന്ന് ബീച്ചും പരിസരവും ശുചീകരിച്ചു. ചടങ്ങ് ഡിവൈ.എസ്.പി ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു. കോച്ചുമാരായ അബ്ദുൾനാസർ, അബ്ദുറഹീം, കളിക്കാരായ അർജുൻ .കെ.എസ്, മുഹ്ദ് മുബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. സായിസെന്റർ ഇൻചാർജും വോളിബോൾ കോച്ചുമായ ലിജോ.ഇ.ജോൺ നന്ദിപറഞ്ഞു.
സായി സെന്ററിലെ കായികതാരങ്ങൾക്ക് പുറമെ സ്റ്റാഫ് അംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. ഫിറ്റ്നസിനോടൊപ്പം മാലിന്യ നിർമാർജനം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |