പത്തനംതിട്ട : തക്കാളി മൂക്കും തൊപ്പിയും ബെൽറ്റ് നിക്കറുമിട്ട് ക്ലൗൺ കുട്ടികൾക്കിടയിലേക്ക് ഇറങ്ങി ചെന്നപ്പോൾ അത് ക്ലാസ് മുറിയിലെ പുതുപരീക്ഷണമായി.
തൽസമയം ഒരുക്കിയ ഹാസ്യ സന്ദർഭങ്ങളും തിയേറ്റർ ആക്ടിവിറ്റീസും കുട്ടികൾക്ക് ചിരിക്കാനും ചിന്തിക്കാനും സർഗാത്മകമാകാനും വഴിയൊരുക്കി. തിയേറ്റർ കലാകാരനായ അജയ് ഉദയനാണ് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ക്ലൗണായി വേഷം കെട്ടിയത്. മാജിക് കലാകാരനായ ജോവന്റെ നേതൃത്വത്തിൽ മുഴുവൻ ക്ലാസ് മുറികളിലും മാജിക്ക് ഷോ നടത്തി. വിദ്യാർത്ഥികളുടെ കൊവിഡ് കാല സൃഷ്ടികൾ കൊണ്ട് സൃഷ്ടി മരമൊരുക്കിയതും ശ്രദ്ധേയമായി. മൂന്ന് ലഘു സിനിമകളും പദപ്രശ്നവും സുഡോക്കും മെമ്മറി ടെസ്റ്റും ഗെയിമുകളും അടങ്ങിയ പ്രത്യേക മൊഡ്യൂളനുസരിച്ചായിരുന്നു ആദ്യ ദിനം. പ്രവേശനോൽസവത്തിന് പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, വാർഡ് മെമ്പർ ലിജ ശിവ പ്രകാശ്, പി.ടി.എ പ്രസിഡന്റ് എൻ. ശ്രീനിവാസൻ , അനിൽകുമാർ , ഹെഡ് മാസ്റ്റർ കെ.ജയകുമാർ ,ശ്രീലത, അജൻ പിള്ള എൻ.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |