കോന്നി : ഗവ.മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ആദ്യ ഓപ്പറേഷൻ തീയേറ്റർ 15ന് ആരോഗ്യമന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എയും ജില്ലാകളക്ടറും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ
അവലോകന യോഗവും ചേർന്നു.
ഓപ്പറേഷൻ തീയേറ്ററിനൊപ്പം ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള ഡ്യൂട്ടിമുറികൾ, സ്റ്റോർ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും തയ്യാറാക്കി. വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഐ.സി.യു, പ്രീ ഓപ്പറേറ്റീവ് വാർഡ് , പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവ സജ്ജമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ആശുപത്രി വികസനസൊസൈറ്റിയുടെ ആദ്യ ജനറൽബോഡി യോഗവും അന്നേദിവസം ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേരുമെന്ന് ജില്ലാകളക്ടർ പറഞ്ഞു. കൊവിഡ് മൂന്നാംതരംഗ സാദ്ധ്യത മുൻനിറുത്തി മെഡിക്കൽകോളേജിനെ സജ്ജമാക്കണമെന്നും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഓക്സിജൻപ്ലാന്റ് പ്രവർത്തനം ആരംഭിക്കാൻ ചേഞ്ച് ഓവർ പ്ലാന്റ്, 15 ഓക്സിജൻ പോർട്ടുകൾ തുടങ്ങിയവ കൂടി ആവശ്യമുണ്ടെന്ന് സൂപ്രണ്ട് യോഗത്തിൽ അറിയിച്ചു. ഇതിനായി 3.5 ലക്ഷം രൂപ ചെലവിടേണ്ടിവരും. അടിയന്തരസാഹചര്യം മുൻനിറുത്തി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജില്ലാകളക്ടർ യോഗത്തിൽ പറഞ്ഞു.
ഫെഡറൽ ബാങ്ക് മെഡിക്കൽ കോളേജിന് നല്കുന്ന 10 ലക്ഷംരൂപയുടെ ഉപകരണങ്ങളും അന്നേ ദിവസം മന്ത്രി ഏറ്റുവാങ്ങും. ഇനിയും 6 തീയേറ്ററുകൾ കൂടി സജ്ജമാക്കേണ്ടതുണ്ട്. കിഫ്ബിയിൽ നിന്ന് 19.64 കോടി രൂപ ഉപകരണങ്ങൾക്കായി അനുവദിക്കും. ഓപ്പറേഷൻ തീയറ്ററും അനുബന്ധ സൗകര്യങ്ങളും എം.എൽ.എയും ജില്ലാകളക്ടറും സന്ദർശിച്ചു.
യോഗത്തിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാകളക്ടർ ഡോ. ദിവ്യ.എസ്.അയ്യർ, പ്രിൻസിപ്പൽ ഡോ.മിനി മേരി മാമ്മൻ, സൂപ്രണ്ട് ഡോ. പി.വി.രാജേന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എ.ഷാജി, ശിശുരോഗവിഭാഗം മേധാവി ഡോ.ദേവകുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്.ശ്രീലത, മെഡിസിൻ വിഭാഗം മേധാവി ഡോ.ആർ.എൻ.കെ ശങ്കർ, ഡോ. ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |