തിരുവല്ല: പത്തനംതിട്ടയിൽ 27മുതൽ 30വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാനസമ്മേളന നഗരിയിൽ സ്ഥാപിക്കുന്ന ദീപശിഖയുമായുള്ള പ്രയാണം ഇന്ന് വൈകിട്ട് 3ന് രക്തസാക്ഷി പി.ബി സന്ദീപ് കുമാറിന്റെ സ്മൃതി കുടീരത്തിൽ നിന്ന് ആരംഭിക്കും. മന്ത്രി സജി ചെറിയാൻ, ദീപശിഖ ജാഥാ ക്യാപ്ടൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു ജനീഷ് കുമാർ എം.എൽ.എയെ ഏൽപ്പിക്കും. തുടർന്ന് നിരവധി അത്ലറ്റുകൾക്ക് കൈമാറി നാളെ വൈകിട്ടോടെ സമ്മേളന നഗരിയിലെത്തിക്കും. സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരവും പതാകയും വഹിച്ചുകൊണ്ടുള്ള ജാഥകൾ നാളെ ഉച്ചയോടെ ജില്ലാ അതിർത്തിയിൽ പ്രവേശിക്കും. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിഅംഗവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ എം.വി.ഗോവിന്ദൻ മാസ്റ്റർ, ജാഥാ ക്യാപ്റ്റനായ ഡി.വൈ.എഫ്ഐ. സംസ്ഥാന ട്രഷറർ എസ്.കെ.സജീഷിന് കൈമാറിയ പതാകജാഥയെ നാളെ ഉച്ചയ്ക്ക് 2ന് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തു നീന്ന് സ്വീകരിക്കും.
നാളെ ഉച്ചയ്ക്ക് 2ന് ചിന്താജെറോം നയിക്കുന്ന കൊടിമര ജാഥയെ ജില്ലാ അതിർത്തിയായ നീരേറ്റുപുറം എ.എൻ.സി ജംഗ്ഷനിൽ സ്വീകരിക്കും. മൂന്ന് ജാഥകളും തിരുവല്ല ടൗണിൽ സംഗമിക്കുമ്പോൾ സ്വീകരണം നൽകും. പ്രയാണം വൈകിട്ട് 6ന് സമ്മേളന നഗരിയിൽ എത്തിച്ചേരും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ കെ.പി.ഉദയഭാനു പതാക ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |