അടൂർ: എസ്.എൻ ഡി പി.ശാഖായോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിയ പ്രതിയെപ്പറ്റി വിവരം ലഭിച്ചിട്ടും പിടികൂടാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മേലൂട് 2006ാം നമ്പർ ശാഖായോഗം പ്രസിഡന്റ് രാധാകൃഷ്ണന് വെട്ടേറ്റത് ഇക്കഴിഞ്ഞ 23നാണ്. പത്ത് ദിവസമായിട്ടും പ്രതിയെ പിടിക്കാതെ പൊലീസ് നിസംഗത കാട്ടുകയാണെന്ന ആക്ഷേപം ശക്തമാണ്. പൊലീസ് ഉൗർജിത അന്വേഷണം നടത്താത്തതിൽ എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ ശ്രീനാരായണീയർ കടുത്ത അമർഷത്തിലാണ്.
ഗുരുതര പരിക്കേറ്റ രാധാകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടൂരിൽ രാത്രികാല ഹോട്ടലിൽ കാഷ്യറായി ജോലി നോക്കുന്ന രാധാകൃഷ്ണൻ അന്ന് പുലർച്ചെ 4.10ന് വീട്ടിലെത്തി അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് വെട്ടേറ്റത്. തലക്കും ചെവിയുടെ ഭാഗത്തും മുഖത്തും പരിക്കേറ്റ രാധാകൃഷ്ണനെ സഹോദരനും ഭാര്യയും അയൽവാസിയും ചേർന്ന് അടൂർ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പ്രതിയെപ്പറ്റി കൃത്യമായ മൊഴി കൊടുത്തിട്ടും പൊലീസ് ഇയാളെ പിടികൂടിയില്ല.
ചാല ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന പ്രതിയെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസിലേൽപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇയാളാണ് രാധാകൃഷ്ണനെ വെട്ടിയതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണത്തിന് തടസമാകുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഇയാളെ ചുറ്റിപ്പറ്റി തുടക്കത്തിൽ അന്വേഷണം നടത്തുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതല്ലാതെ യാതൊരു അന്വേഷണ പുരോഗതിയുമില്ല.
രാധാകൃഷ്ണനെ വെട്ടിയ ശേഷം പ്രതി വീടിന് നൂറ് മീറ്റർ പടിഞ്ഞാറ് ചാലയിൽ ശ്രീജാ ഭവനത്തിൽ സന്തോഷിന്റെ വീട്ടിൽ കയറി ബൈക്കിന് തീയിടുകയും സമീപത്തിരുന്ന സ്കൂട്ടറിനും കാറിനും കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് രക്തക്കറ പുരണ്ട തോർത്തും കിട്ടിയിരുന്നു. ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസിൽ ഏൽപിക്കുന്നതിന് സന്തോഷും ഉണ്ടായിരുന്നു.
-----------------------------
'' സംഭവം നടന്നിട്ട് പത്ത് ദിവസമായി. ഇതുവരെ പ്രതിയെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും.
അഡ്വ. മണ്ണടി മോഹൻ, എസ്.എൻ.ഡി.പി യോഗം
അടൂർ യൂണിയൻ കൺവീനർ.
'' പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പിടികൂടാത്തതിൽ ഗുരുഭക്തർക്കും ശ്രീനാരായണീയർക്കും ശക്തമായ പ്രതിഷേധമുണ്ട്.
മേലൂട് ശാഖായോഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |