നെയ്യാറ്റിൻകര: മദ്യലഹരിയിൽ യുവാവ് അയൽവാസിയായ വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചു. പെരുങ്കടവിള പാൽക്കുളങ്ങരയിൽ സാബു ഭവനിൽ ജെ.ഷിബുവാണ്,അയൽവാസിയായ വത്സലയെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്.
പതിവായി മദ്യപിച്ചെത്തി കുടുംബാംഗങ്ങളെയും അയൽവാസികളെയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ഷിബുവിനെതിരെ നാട്ടുകാർ നിരവധി തവണ മാരായമുട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതി ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതിനാൽ ഷിബുവിന്റെ ഭാര്യയും രണ്ട് മക്കളും ഏറെക്കാലമായി ഇയാളുമായി പിരിഞ്ഞ് കഴിയുകയാണ്.
കഴിഞ്ഞ ദിവസം വത്സലയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി കടന്നുകയറിയ ഷിബു,ഇവരുടെ കൈയിൽ കടന്ന് പിടിക്കുകയും കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വത്സലയെ നെയ്യാറ്റിൻകര ജില്ല ആശുപത്രിയിലും,തുടർന്ന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രനും,വാർഡ് അംഗം കാനക്കോട് ബാലരാജും പ്രശ്നപരിഹാരത്തിനായി ഇടപെട്ടിരുന്നെങ്കിലും, ഇപ്പോഴത്തെ സംഭവത്തോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് കർശനമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |