തിരുവനന്തപുരം: തലസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചുവടുവച്ച ലുലുവിലെ ക്രിസ്മസ് പാപ്പമാർ ഏഷ്യാ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടംനേടി. മാളിലെ ഗ്രാൻഡ് ഏട്രിയത്തിൽ കുട്ടികളും മുതിർന്നവരുമായ 163 ക്രിസ്മസ് പാപ്പമാർ നടത്തിയ സംഘനൃത്തമാണ് റെക്കാർഡ്സിൽ ഇടം നേടിയത്.
ഇരട്ടി മധുരമായി ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സ് നേട്ടവും ഇവർ സ്വന്തമാക്കി. അരമണിക്കൂറോളം നീണ്ട നൃത്തപരിപാടി പരിശോധിക്കാൻ ഏഷ്യാ ബുക്ക് ഒഫ് റെക്കാർഡ്സ് അഡ്ജുഡിക്കേറ്റർ ഡോ. ഷാഹുൽ ഹമീദ്, വേൾഡ് റെക്കാർഡ് ക്യൂറേറ്റർ പ്രജീഷ് നിർഭയ എന്നിവരെത്തിയിരുന്നു. ഏട്രിയത്തിൽ നടന്ന ചടങ്ങിൽ ഏഷ്യാ ബുക്ക് ഒഫ് റെക്കാർഡ്സിന്റെയും ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിന്റെയും സർട്ടിഫിക്കറ്റ് അഡ്ജുഡിക്കേറ്റർ ഡോ. ഷാഹുൽ ഹമീദ്, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദന് കൈമാറി. സിറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ഏഷ്യാ ബുക്ക് ഒഫ് റെക്കാർഡ്സിനായി നിഷ്കർഷിച്ചിരുന്ന 150 പേരടങ്ങിയ ക്രിസ്മസ് പാപ്പമാരുടെ സംഘനൃത്തമെന്ന നേട്ടവും ഇന്ത്യാ ബുക്ക് ഒഫ് റെക്കാർഡ്സ് നിഷ്കർഷിച്ചിരുന്ന 110 പേരുടെ നൃത്തമെന്ന നേട്ടവും ലുലു മാൾ മറികടന്നതായി ഡോ. ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |