SignIn
Kerala Kaumudi Online
Thursday, 08 August 2024 2.33 PM IST

വിരുപ്പാക്ക സ്പിന്നിംഗ് മിൽ പൂട്ടിയിട്ട് ഒന്നര വർഷം

1

  • പാതിക്കൂലി പോലും നിഷേധിക്കപ്പെട്ട് തൊഴിലാളികൾ
  • 30 കോടി രൂപയുടെ അത്യാധുനിക മെഷിനറികൾ തുരുമ്പെടുക്കുന്നു
  • ഓട്ടോമാറ്റിക് യന്ത്രങ്ങൾ വാങ്ങിയത് എൻ.സി.ഡി.സി വായ്പയാൽ

വടക്കാഞ്ചേരി: വിരുപ്പാക്ക തൃശൂർ കോ- ഓപറേറ്റീവ് സ്പിന്നിംഗ് മില്ലിന് താഴ് വീണിട്ട് ഒന്നരവർഷം. പഞ്ഞിയിൽ നിന്ന്‌ നൂൽ ഉത്പാദിപ്പിക്കുന്ന പൂർണമായും സർക്കാർ ഉടമസ്ഥതയിലായ മുൻ സഹകരണ സ്ഥാപനം അസംസ്‌കൃത വസ്തുവായ പഞ്ഞിയില്ലായ്മ മൂലമാണ് ലേ ഓഫിലായത്.

രണ്ട് ലോഡ് പഞ്ഞി എത്തിയപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയായിരുന്നു.

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ളവർ തുറക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല. ഇതിനായി സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകളും ഒട്ടേറെ സമരം നടത്തി. മന്ത്രിയും നിയുക്ത എം.പിയുമായ കെ. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർക്ക് സംയുക്ത തൊഴിലാളി യൂണിയൻ നിവേദനം നൽകിയെങ്കിലും കൈമലർത്തുകയാണ് അവരും.

മിൽ ലേ ഓഫിലാണെങ്കിലും തൊഴിലാളികൾക്ക് അർഹമായ പകുതി ശമ്പളം പോലും ലഭിക്കുന്നില്ല. ഇതിനിടെ നബാർഡ് എൻ.സി.ഡി.സി വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. മില്ലിനെ സമ്പൂർണമായി നവീകരിക്കാൻ 29.46 കോടി രൂപയാണ് നബാർ‌ഡ് വായ്പയായി നൽകിയത്.

2011- 13 കാലത്ത് സഹകരണ മന്ത്രിയായിരിക്കെ സി.എൻ. ബാലകൃഷ്ണനാണ് നവീകരണത്തിന് പദ്ധതി സമർപ്പിച്ചത്. എന്നാൽ വായ്പയ്ക്ക് ഗ്യാരന്റി നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തി. പിന്നീട് പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ വ്യവസായ മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ് പദ്ധതിക്ക് ഗതിവേഗം കൂട്ടിയത്.

ധൂർത്തടിച്ച് നവീകരണം, ഒടുവിൽ പഞ്ഞി വാങ്ങാൻ പണമില്ല

നബാർഡ് വായ്പ ഉപയോഗിച്ച് നവീകരണം നടന്നെങ്കിലും വൻ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. പ്രവർത്തനക്ഷമമായ പഴയ യന്ത്രങ്ങളെല്ലാം ആക്രിവിലയ്ക്ക് വിറ്റു. ഫ്‌ളോറെല്ലാം പൊളിച്ച് ടൺ കണക്കിന് കമ്പി നിരത്തി വാർത്തു. പുതിയ ട്രഞ്ചുകൾ നിർമ്മാണം തുടങ്ങി. ഇതോടെ പ്രവർത്തനം പാതിവഴിയിൽ മുടങ്ങി. കോടികൾ ചെലവഴിച്ചായിരുന്നു അത്യാധുനിക യന്ത്രങ്ങൾ വാങ്ങിക്കൂട്ടിയത്.

സ്പിന്നിംഗ് വിഭാഗത്തിലേക്ക് 8 ഓട്ടോമാറ്റിക് മെഷീനുകൾ വാങ്ങി. 1152 സ്പിൻഡിലുകളാണ് ഓരോ മെഷീനിലുമുള്ളത്. തൊഴിലാളികൾക്ക് ഒട്ടും പരിചിതമല്ലായിരുന്നു യന്ത്രങ്ങൾ, ഇത് പ്രവർത്തനം ദുഷ്‌കരമാക്കി. 5 കാഡിംഗ് മെഷീനുകളും, മിക്‌സർ മെഷീനും എല്ലാം ഓട്ടോമാറ്റിക്കായിരുന്നു. അതിനാൽ സെൻസറുകൾ നിരന്തരം തകരാറിലായി പ്രവർത്തനം നിലച്ചു.

വൈൻഡിംഗ് ഡിപാർട്ട്മെന്റിൽ അഞ്ചു കോടി രൂപ ചെലവഴിച്ച് വാങ്ങിയ 2 ഓട്ടോകോൺ മെഷീനും മൂടിക്കെട്ടി വച്ചിരിക്കുകയാണ്. കിട്ടിയ പണമെല്ലാം ചെലവഴിച്ചപ്പോഴാണ് അസംസ്കൃത വസ്തുക്കളായ പഞ്ഞിയും വൈദ്യുതിയും വാങ്ങാൻ തുക ബാക്കിയില്ലെന്ന് തിരിച്ചറിഞ്ഞത്. സി.പി.എം നേതാവ് എം.കെ. കണ്ണനായിരുന്നു നവീകരണം നടക്കുമ്പോൾ വിരുപ്പാക്ക മിൽ ചെയ‌ർമാൻ.

ദുരിതപർവത്തിനിടെ ചെയർമാന് കൈയ്യടിച്ച് തൊഴിലാളികൾ

വടക്കാഞ്ചേരി: വിരുപ്പാക്ക മിൽ പൂട്ടിയതിനാൽ ജോലിയും കൂലിയുമില്ലാതെ ദുരിതക്കയത്തിലാണ് തൊഴിലാളികൾ. എങ്കിലും ഇപ്പോഴത്തെ ചെയർമാൻ കെ.വി. സദാനന്ദന്റെ തൊഴിലാളിസ്‌നേഹത്തിന് നൂറ് മാർക്ക് നൽകുകയാണ് തൊഴിലാളികൾ. പ്രതിസന്ധിയുടെ ആഴം കണ്ട് മില്ലിനെ രക്ഷിക്കാൻ കഴിയാവുന്നതെല്ലാം അദ്ദേഹം ചെയ്തെന്നാണ് തൊഴിലാളികൾ പറയുന്നത്.

2021- 22 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ 110 ലക്ഷം, 2022- 23 ബഡ്ജറ്റിൽ 160 ലക്ഷം എന്നിങ്ങനെ പ്രഖ്യാപിച്ചെങ്കിലും കിട്ടിയത് നക്കാപിച്ച മാത്രം. തുക കിട്ടുമെന്ന പ്രതീക്ഷയിൽ ചെയർമാൻ ഭൂമി പണയം വച്ച് മില്ലിന് നൽകിയത് ഒരു കോടി രൂപ. അതും തിരിച്ചടവ് മുടങ്ങിക്കിടപ്പാണ്. കൊവിഡ് കാലത്ത് മരിച്ച തൊഴിലാളികൾക്ക് അവരുടെ വീടുകളിലെത്തി ധനസഹായം നൽകിയതും നന്ദിയോടെ തൊഴിലാളികൾ ഓർക്കുന്നു.

എൻ.സി.ഡി.സി വായ്പ ഇങ്ങനെ

  • വായ്പ എടുത്തത് - 29.46 കോടി രൂപ
  • ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ - 8
  • കാഡിംഗ് മെഷീനുകൾ - 5
  • മിക്‌സർ മെഷീൻ - 1
  • ഓട്ടോകോൺ മെഷീനുകൾ - 2

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.