ദർളകട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു
കാസർകോട്: തന്റെ വാർഡിനെ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് പരിഗണിക്കാത്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗത്തിൽ വച്ച് വനിതാ അംഗം ഉറക്കഗുളികകൾ വിഴുങ്ങി. മുസ്ലിം ലീഗ് ഭരിക്കുന്ന മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ആയിശത് റുബീനയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. റുബീനയുടെ വാർഡായ അമ്പിത്തടിയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടടിം നിർമ്മിക്കാൻ ഭരണസമിതി മൂന്നരലക്ഷം അനുവദിച്ചിരുന്നു.ഈ അങ്കണവാടിക്ക് അനുയോജ്യമായ സ്ഥലം കാണിച്ചുകൊടുത്ത് തൊട്ടടുത്തുള്ള ആറാംവാർഡിന്റെ പ്രതിനിധിയായ എസ്.ഡി.പി.ഐ അംഗം മുന്നോട്ടുവന്നത് റുബീനയെ സമ്മർദ്ദത്തിലാക്കിയെന്നാണ് പറയപ്പെടുന്നത്. അങ്കണവാടിക്കായി ഇരുവാർഡുകളിലും പ്രതിനിധികൾ കണ്ടെത്തിയ സ്ഥലം തള്ളിയ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ ആറാം വാർഡ് അംഗം നേരത്ത ഓംബുഡ്സ്മാനെ സമീപിച്ചതാണ്. നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് ഇന്നലെ ഭരണസമിതിയോഗം ചേർന്ന ഉടനെ റുബീന സ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഓംബുഡ്സ്മാന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി വിഷയം പരിഗണിക്കാനാകില്ലെന്നാണ് അറിയിച്ചത്. ഇതോടെ റുബീന കൈയിൽ കരുതിയ ഉറക്കഗുളികകൾ ഒന്നാകെ വിഴുങ്ങി.മറ്റ് ഭരണസമിതിയംഗങ്ങൾ ചേർന്ന് ഇവരെ ആദ്യം മംഗൽപാടി താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് പിന്നീട് മംഗളൂരു ദർളക്കട്ടയിലെ ആശുപത്രിയിലേക്കും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |