ആലപ്പുഴ: വിദ്യാർത്ഥികളിലെ കായികാഭിരുചി കണ്ടെത്താനും പരിശീലനം നൽകാനും അദ്ധ്യാപകരില്ലാത്തത് സ്കൂളുകളിലെ കായിക വിദ്യാഭ്യാസത്തിന് വിലങ്ങുതടിയാകുന്നു.
ജില്ലയിലെ 69 ഹൈസ്ക്കൂളുകളിൽ 21ലും 59യു.പി സ്‌കൂളുകളിൽ ഒരിടത്തും മാത്രമാണ് കായികാദ്ധ്യപകരുള്ളത്.
യു.പിയിൽ 500 കുട്ടികളും ഹൈസ്ക്കൂളിൽ 8,9 ക്ളാസുകളിൽ അഞ്ച് ഡിവിഷനുമുണ്ടെങ്കിൽ കായിക അദ്ധ്യാപകനെ നിയമിക്കണമെന്നാണ് കെ.ഇ.ആറിലുള്ളത്. നിയമം പരിഷ്‌ക്കരിക്കാത്തതിനാൽ കായിക അദ്ധ്യാപക നിയമനവും നടത്താനാകുന്നില്ല. കഴിഞ്ഞ സംസ്ഥാന കായിക മേളയിൽ 33 ഇനങ്ങളിലായി 300 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഓവർറോൾ ചാമ്പ്യൻ ഷിപ്പ് ലഭിച്ചില്ലെങ്കിലും വ്യക്തഗത കഴിവ് തെളിയിച്ചവരാണ് അധികംപേരും.
ഹൈസ്കൂളിലെ കായിക അദ്ധ്യപകർ തന്നെ ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കും പരിശീലനം നൽകേണ്ട അവസ്ഥയുണ്ട്. ഈ വർഷം ഒന്നു മുതൽ നാലു വരെ ക്ളാസുകളിൽ കായിക വിഷയത്തിന് പാഠപുസ്തകം പുറത്തിറക്കിയെങ്കിലും അത് പഠിപ്പിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. കെട്ടിട നിർമ്മാണം കാരണം പല സ്കൂളുകളുടെയും കളിക്കളത്തിന്റെ വിസ്തൃതി കുറഞ്ഞതും പരിശീലനത്തെ ബാധിച്ചിട്ടുണ്ട്.
നിയമം പരിഷ്‌ക്കരിക്കാത്തത് തിരിച്ചടി
1. നീർക്കുന്നം ഗവ.എസ്.ഡി.വി യു.പി സ്കൂളിലാണ് യു.പി വിഭാഗത്തിൽ ഒരു കായികാദ്ധ്യാപകനുള്ളത്. ചേർത്തല ഗവ.ഗേൾസ് എച്ച്.എസ്, കലവൂർ ഗവ.എച്ച്.എസ്.എസ്, മണ്ണഞ്ചേരി ഗവ.എച്ച്.എസ് എന്നിവിടങ്ങളിൽ 500 കുട്ടികളിൽ കൂടുതൽ ഉണ്ടായിട്ടും തസ്തിക അനുവദിച്ചിട്ടില്ല. ജില്ലയിലെ 700 സ്കൂളുകളിൽ 500 എണ്ണത്തിലെങ്കിലും കായികാദ്ധ്യാപകരുടെ ഒഴിവുണ്ട്
2. വിദ്യാഭ്യാസ കലണ്ടർ പ്രകാരം വിദ്യാർത്ഥികളുടെ അംഗബലം അനുസരിച്ച്
ആഴ്ചയിൽ യു.പിയിൽ മൂന്നും ഹൈസ്ക്കൂളിൽ രണ്ടും ക്ളാസുകളാണ് കായിക പരിശീലനത്തിന് നീക്കി വച്ചിട്ടുള്ളത്. എന്നാൽ, അദ്ധ്യാപകരില്ലാത്ത സാഹചര്യത്തിൽ പി.ടി പീരിഡുകൾ മറ്റ് വിഷയങ്ങൾക്ക് കൊടുക്കുകയോ, ഗ്രൗണ്ടിൽ കളിക്കാൻ വിടുകയോ ചെയ്യുകയാണ് പതിവ്
ജില്ലയിൽ
ഗവ.ഹൈസ്‌കൂളുകൾ : 69
കായികാദ്ധ്യാപർ : 21
യു.പി സ്കൂളുകൾ : 59
കായികാദ്ധ്യാപർ : 01
വിദ്യാഭ്യാസ ജില്ല
(അദ്ധ്യാപകർ വേണ്ടത്, നിലവിൽ)
ചേർത്തല.......19....... 9
ആലപ്പുഴ.........15....... 9
കുട്ടനാട്............7.........0
മാവേലിക്കര....28........3
ഒന്നാം ക്ളാസ് മുതൽ കായിക പരിശീലനം നൽകണം. കെ.ഇ.ആർ പരിഷ്കരിച്ച് കുട്ടികളുടെ എണ്ണം 500 എന്നത് കുറച്ച്, കായികമായ കഴിവ് വളർത്താനുള്ള തീരുമാനം ഉണ്ടാകണം
- കെ.ആർ.വിനയചന്ദ്രൻ, ജില്ലാ സെക്രട്ടറി, സംയുക്തകായിക അദ്ധ്യാപക സംഘടന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |