ഉദിയൻകുളങ്ങര: വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മോഷണശ്രമം. വെള്ളിയാഴ്ച രാത്രി 12ന് ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നെത്തിയ മോഷ്ടാവ് കാണിക്കവഞ്ചികൾ കുത്തിത്തുറക്കാൻ നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് ശനിയാഴ്ച രാത്രി വീണ്ടും ആയുധങ്ങളുമായെത്തി ക്ഷേത്രത്തിന്റെ പ്രധാന കവാടം കുത്തിത്തുറന്നു. സമീപത്തെ വീട്ടിൽ നിന്ന് കവർന്ന കമ്പിപ്പാര ഉപയോഗിച്ചാണ് ക്ഷേത്രകവാടം തല്ലി തകർത്തത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരന്റെ വിളി കേട്ട് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ചിത്രം തെളിയാതിരിക്കാൻ ക്ഷേത്രത്തിന്റെ മടപ്പള്ളിയിൽ ഉണ്ടായിരുന്ന ക്യാമറ തല്ലിത്തകർത്തു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തെക്കുറിച്ച് പാറശാല
പൊലീസിൽ വിവരമറിയിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പാറശാല പൊലീസും വിരൽ അടയാളം വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |