പിടിച്ചത് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ
ഇറാനിൽ നിന്ന് കടത്തിയ മയക്കുമരുന്ന്
ഏഴുപേർ രണ്ടു കേസുകളിൽ പ്രതികൾ
കൊച്ചി: ഇറാനിൽ നിന്ന് കടത്തിക്കൊണ്ടുവരുന്നതിനിടെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കൊച്ചിയിൽ പിടികൂടിയ 2,752 കിലോഗ്രാം മാരകമയക്കുമരുന്നുകൾ കത്തിച്ചുനശിപ്പിച്ചു. സുപ്രീം കോടതി മാർഗനിർദ്ദേശപ്രകാരമാണ് നശിപ്പിച്ചത്. ഏഴ് ഇറാൻ സ്വദേശികൾ അറസ്റ്റിലായ കേസുകളിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് നടപടി.
2022 ഒക്‌ടോബറിൽ 199.445 കിലോഗ്രാം ഹെറോയിനും 2023 മേയിൽ 2525.675 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും പിടിച്ചെടുത്തിരുന്നു. നിരോധിത മയക്കുമരുന്നാണിവ.
എറണാകുളം അമ്പലമേട്ടിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെ.ഇ.ഐ.എൽ) ഇൻസിനറേഷൻ വഴി കത്തിച്ചാണ് മയക്കുമരുന്ന് നശിപ്പിച്ചത്. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ദക്ഷിണ മേഖലാ ഡപ്യൂട്ടി ഡയറക്ടർ ജനറൽ മനീഷ് കുമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു നടപടി.
ആശുപത്രികളുടെ ഉൾപ്പെടെ അപായകരമായ മാലിന്യങ്ങൾ സംസ്‌കരിക്കുന്ന കേന്ദ്രമാണ് കെ.ഇ.ഐ.എൽ. സുപ്രീം കോടതി മാർഗനിർദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതതല ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ദക്ഷിണ മേഖല), കൊച്ചി സോണൽ ഡയറക്ടർ, ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുൾപ്പെട്ട കമ്മിറ്റിയുടെ യോഗമാണ് രണ്ട് കേസുകളിലെയും മയക്കുമരുന്നുകൾ വാദത്തിനു മുമ്പ് നശിപ്പിക്കാൻ അനുമതി നൽകിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
പിടിച്ചെടുത്തവ
2022 ഒക്‌ടോബറിൽ 199.445 കിലോഗ്രാം ഹെറോയിൻ
2023 മേയിൽ 2525.675 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |