സ്വപ്നത്തിന് കാൽനൂറ്റാണ്ട്; കനലടങ്ങാത്ത കൂത്തമ്പലം

Friday 15 May 2026 12:00 AM IST
2011ൽ കൂത്തമ്പലം കത്തിയെരിയുന്നു (ഫയൽ ചിത്രം)

തൃശൂർ: സാംസ്‌കാരിക നഗരിയുടെ തിലകക്കുറിയാകേണ്ടിയിരുന്ന കൂത്തമ്പലം പദ്ധതി കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും പുനർജനിക്കാതെ അവഗണനയിൽ. നിർമ്മാണം 90 ശതമാനവും പൂർത്തിയായി ഉദ്ഘാടനത്തിന് മാസങ്ങൾ ബാക്കിനിൽക്കെ, 2011 ഡിസംബർ 12ന് പുലർച്ചെ അഗ്‌നിക്കിരയായ കൂത്തമ്പലം ഇന്നും തൃശൂരിന് നീറുന്ന ഓർമ്മയാണ്. 2002ൽ എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് കാവാലം നാരായണപ്പണിക്കർ സംഗീത നാടക അക്കാഡമി ചെയർമാനായിരിക്കെ 40 ലക്ഷം രൂപ ചെലവിലാണ് കൂത്തമ്പലം നിർമ്മിക്കാൻ ധാരണയായത്. പിന്നീട് വിവിധ ഘട്ടങ്ങൾ പിന്നിട്ട് 90 ശതമാനം പണി പൂർത്തിയായി. പിന്നീട് വന്ന സർക്കാരുകളൊന്നും കൂത്തമ്പലത്തിന് പുനർജീവൻ നൽകിയില്ല. ടൂറിസം വകുപ്പ് രാമനിലയം ഗസ്റ്റ് ഹൗസിന് സമീപം സംഗീത നാടക അക്കാഡമിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് കൂത്തമ്പലം നിർമ്മാണത്തിന് നേതൃത്വം നൽകിയത്. 2005ൽ 1.25 കോടി രൂപയുടെ എസ്റ്റിമേറ്റിൽ നിർമ്മാണം ആരംഭിച്ച കൂത്തമ്പലത്തിനായി 80 ലക്ഷം രൂപയോളം ചെലവഴിച്ചിരുന്നു. തേക്ക് തടിയിലുള്ള പ്രധാന നിർമ്മാണമെല്ലാം പൂർത്തീകരിച്ചു. മേൽക്കൂരയിൽ ചെമ്പ് പാളികൾ മേയുന്ന പണികൾ മാത്രമായിരുന്നു ബാക്കി. കൂത്തമ്പലത്തിന്റെ കത്തിയെരിഞ്ഞ തൂണുകൾ മാത്രമാണ് ഇപ്പോഴുള്ളത്. 2023 മുതൽ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ചർച്ചാവേദിയായും മറ്റും ഇവിടം ഉപയോഗപ്പെടുത്തുന്നുണ്ട്. കൂത്തമ്പലം പുനരുദ്ധരിച്ച് സംഗീത നാടക അക്കാഡമിക്ക് കൈമാറിയാൽ മികച്ച ഇന്റിമേറ്റ് തിയേറ്ററായി വികസിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാനും അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴും ദുരൂഹം

തീപ്പിടുത്തത്തെക്കുറിച്ച് ഇന്നും ദുരൂഹതകൾ ബാക്കിയാണ്. കൂത്തമ്പലം നിർമ്മാണം പൂർത്തിയാകാത്തതിനാൽ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഷോർട്ട് സർക്യൂട്ടിന് വഴിയില്ലെന്നാണ് ഫയർ ഫോഴ്‌സിന്റെ റിപ്പോർട്ട്. അതീവ സുരക്ഷയുള്ള രാമനിലയം വളപ്പിലെ കൂത്തമ്പലം എങ്ങനെ കത്തിയമർന്നുവെന്നത് ഇപ്പോഴും ദുരൂഹമാണ്. നിർമ്മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലാത്ത തടികൾ ഉപയോഗിച്ചതും മറയ്ക്കാൻ ബോധപൂർവം തീയിട്ടതാണെന്ന ആരോപണവും അക്കാലത്ത് ഉയർന്നിരുന്നു.

അമ്മന്നൂരിന്റെ ആശയം

2001 നവംബറിൽ കൂടിയാട്ടം ആചാര്യൻ അമ്മന്നൂർ മാധവചാക്യാർ സംഗീത നാടക അക്കാഡമി സെക്രട്ടറി കാവാലം നാരായണപ്പണിക്കർക്ക് അയച്ച കത്തിലൂടെയാണ് തൃശൂരിലൊരു കൂത്തമ്പലം എന്ന ആശയം രൂപപ്പെട്ടത്. ഇതേത്തുടർന്ന് രാമനിലയത്തിന്റെ 25 സെന്റ് ഭൂമി വിട്ടുനൽകണമെന്ന് കാവാലം ആവശ്യപ്പെട്ടെങ്കിലും ടൂറിസം വകുപ്പ് തയ്യാറായില്ല. പിന്നീടാണ് ടൂറിസം വകുപ്പ് തന്നെ നിർമ്മിക്കാമെന്ന് തീരുമാനിച്ചത്. ടൂറിസം വകുപ്പ് നിർമ്മിച്ചാലും സംഗീത നാടക അക്കാഡമിക്ക് കൂടി ഉപയോഗിക്കാമെന്ന് ധാരണയുണ്ടായി. സംഗീത അക്കാഡമി ഭാരവാഹികളായ കാവാലം നാരായണപ്പണിക്കർ, മുരളി, എൻ. രാധാകൃഷ്ണൻ നായർ, കരിവെള്ളൂർ മുരളി എന്നിവരും വിവിധ കാലങ്ങളിൽ കൂത്തമ്പലം എന്ന സ്വപ്നത്തിനായി പ്രയത്‌നിച്ചവരാണ്.

കത്തിയെരിഞ്ഞ കൂത്തമ്പലം പുനരുദ്ധരിക്കാൻ കഴിഞ്ഞെങ്കിൽ വരുംതലമുറകൾക്ക് നല്ല സന്ദേശമാകും. ഇറ്റ്‌ഫോക്കിനായി എക്കാലവും കൂത്തമ്പലം ഉപയോഗപ്പെടുത്താൻ അനുവാദം നൽകിയിട്ടുണ്ട്. ഭാവിയിൽ കൂത്തമ്പലം തൃശൂരിൽ ഉയരട്ടെ.

കരിവെള്ളൂർ മുരളി