SignIn
Kerala Kaumudi Online
Thursday, 19 September 2024 5.09 AM IST

പ്ലീസ്... ഹോണടിക്കരുത് നിശബ്ദ നഗരത്തിന് നോ ഹോൺ; ആദ്യഘട്ടം വിജയകരം

Increase Font Size Decrease Font Size Print Page
nohiorn

തൃശൂർ: ശബ്ദമലിനീകരണത്തിൽ നിന്നും പൂരനഗരിയെ മോചിപ്പിക്കുന്നതിന്റെ ആദ്യപടിയായി നടപ്പാക്കിയ 'നോഹോൺ'' പദ്ധതി ഏറ്റെടുത്ത് യാത്രക്കാർ. ഡിസംബർ ഒന്ന് മുതൽ നടപ്പിലാക്കി ഒരു മാസം പിന്നിടാനൊരുങ്ങുമ്പോൾ ഏറെ ഫലപ്രദം. കോർപറേഷന്റെയും സിറ്റി പൊലീസിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയിപ്പിക്കുന്നതിന് ജനകീയ പങ്കാളിത്തവുമുണ്ട്.

മണിക്കൂറിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സ്വരാജ് റൗണ്ടിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നോ ഹോൺ പദ്ധതി നടപ്പിലാക്കിയത്. സ്വകാര്യ ബസുകളായിരുന്നു പ്രധാന പ്രശ്നക്കാർ. പദ്ധതി നടപ്പിലാക്കിയശേഷം ഒരു പരിധി വരെ ഹോൺ ടിക്കാതെയാണ് ബസുകളുടെ സഞ്ചാരം. ഇതേക്കുറിച്ച് ബോധവാൻമാരല്ലാത്തവർ മാത്രമാണ് ഇപ്പോഴും ഹോണുകൾ ഉപയോഗിക്കുന്നത്.

നിയമലംഘനം തടയുക ലക്ഷ്യം

1989ലെ മോട്ടോർ വാഹന നിയമപ്രകാരം ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചേ ഹോൺ വയ്ക്കാവൂ. സ്‌കൂട്ടറുകൾ, മാഗ്‌നോ സിസ്റ്റം ഉള്ള മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്കായുള്ള ടൈപ്പ് 1 എ.സി. ഹോണിന് 85 മുതൽ 105 വരെ ഡെസിബെല്ലാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, നിരത്തുകളിൽ ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകളിൽ ശബ്ദം പലപ്പോഴും പരിധിക്കപ്പുറത്താണ്. എല്ലാവിധ നിയമലംഘനവും തടയുകയെന്നതും നോ ഹോൺ പദ്ധതി ലക്ഷ്യമിടുന്നു.

സിഗ്നലിൽ ശ്രദ്ധ വേണം

കുരുക്ക് ഒഴിവാക്കുന്നതിനായി നായ്ക്കനാലിൽ സ്ഥാപിച്ച സിഗ്നലിൽ ഇപ്പോഴും കൂടുതലായി ഹോൺ ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപാരികൾ ഉൾപ്പെടെ പറയുന്നു. സിഗ്നലിൽ ചുവപ്പ് മാറി പച്ചവെളിച്ചം തെളിഞ്ഞാലാണ് ഹോണടി ശല്യം. കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന രാവിലെ 8.30 മുതൽ പത്ത് വരെയും വൈകീട്ടും നോ ഹോൺ പ്രചാരണത്തിന് മുമ്പുള്ളതിനേക്കാൾ ഹോണടിയിൽ കുറവ് വന്നതായും റെഗുലേറ്ററി കമ്മിറ്റി വിലയിരുത്തുന്നു. നഗരത്തിൽ പോസ്റ്റ് ഓഫീസ് റോഡിലും എം.ഒ റോഡിലും വരുത്തിയ ഗതാഗത പരിഷ്‌കാരങ്ങളും ഗുണകരമാണ്.

നോ ഹോൺ ബോർഡുകളും ലഘുലേഖകളും

ബോധവത്കരണത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടിന് ചുറ്റും നോ ഹോൺ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ വാഹനയാത്രക്കാർക്ക് ലഘുലേഖകളും വിതരണം ചെയ്തിരുന്നു. സിറ്റി പൊലീസ് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും ഐ.എം.എയും സംയുക്തമായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. ഓട്ടോ ഡ്രൈവർമാർ, ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, അല്ലു അർജ്ജുൻ ഫാൻസ് അസോസിയേഷൻ എന്നിവർ പങ്കെടുത്തു. എസ്.എച്ച്.ഒ: യു. രാജൻ, പ്രൊഫ. ആർ. ഇന്ദുധരൻ, ജനാർദ്ദനൻ, റാഫി, ജിഷ്ണു ദേവ് എന്നിവർ സംസാരിച്ചു. ബാനർജി ക്ലബ് ഉൾപ്പെടെ വിവിധ സംഘടനകൾ പ്രചാരണവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

ഇന്ന് 3000 കേക്കുകൾ നൽകും

നോ ഹോൺ പ്രചാരണത്തിന്റെ ഭാഗമായി ഫാ. ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന ആക്ട്സിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ നഗരത്തിലെത്തുന്ന വാഹന യാത്രക്കാർക്ക് 3000 കേക്കുകൾ സൗജന്യമായി വിതരണം ചെയ്യും. മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ്, സിറ്റി പൊലീസ് കമ്മീഷണർ പി. ആദിത്യ, എ.സി.പി: വി.കെ. രാജു എന്നിവർ പങ്കെടുക്കും.


നഗരം സൈലന്റ് സോൺ എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയാണ് നോ ഹോൺ എന്ന ആശയം. സ്വരാജ് റൗണ്ടിന് ചുറ്റും താമസിക്കുന്നവർക്കും അതോടൊപ്പം ക്ഷേത്രത്തിലെത്തുന്നവർക്ക് ശബ്ദകോലാഹലങ്ങളില്ലാതെ കടന്നുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ പരിപൂർണ്ണമായ സഹകരണം ഇതിന് ലഭിക്കുന്നുണ്ട്.
- വി.കെ. രാജു, എ.സി.പി, തൃശൂർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.