വടക്കേക്കാട് : പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി വിഭജിച്ച് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുന്നയൂർക്കുളം മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന കൺവെൻഷനിലേക്ക് പ്രതിഷേധവുമായെത്തിയത്. ടി.എൻ.പ്രതാപൻ എം.പി സംസാരിക്കുന്ന സമയത്തായിരുന്നു പ്രതിഷേധം. പ്രതിഷേധം നടക്കുമ്പോൾ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും വേദിയിലുണ്ടായിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സി.എ.ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത് എന്നിവർ ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. വടക്കേകാട് എം ആൻഡ് ടി ഹാളിലായിരുന്നു കൺവെൻഷൻ.
പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി വിഭജിച്ച് പി.രാജൻ, മൂസ ആലത്തയിൽ എന്നിവരെ ഈസ്റ്റ്, വെസ്റ്റ് പ്രസിഡന്റുമാരായി ഡി.സി.സി നാമനിർദ്ദേശം ചെയ്തിരുന്നു. കിഴക്കൻ മേഖലയിലെ 10 വാർഡ് ഉൾപ്പെടുത്തി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയും പടിഞ്ഞാറൻ മേഖല യിലെ 9 വാർഡ് ചേർത്ത് വെസ്റ്റ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്. പ്രവർത്തകരുടെ അഭിപ്രായം അവഗണിച്ച് വീതം വെപ്പ് നടത്തി എന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫത്താഹ് മന്ദലാംകുന്ന്, ഷാഹിദ് കൊപ്പര, റാഫി മാലിക്കുളം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എം.ഷാഹിദ്, മണ്ഡലം ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫത്താഹ് മന്ദലാംകുന്ന് എന്നിവരെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |