ഗുരുവായൂർ: ഗുരുവായൂരിൽ നാളെ ഗീതാ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് ഗീതാ മഹോത്സവം നടക്കുന്നത്. രാവിലെ ആറിന് വിഷ്ണു സഹസ്രനാമ പാരായണവും 6.30ന് സൗന്ദര്യ പാരായണവും തുടർന്ന് ഭഗവദ് ഗീതയിലെ 8 അദ്ധ്യായങ്ങളിലെ ഗീതാധ്യാന പാരായണവും നടക്കും. 9.30ന് പ്രസിദ്ധ സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണന്റെ പ്രാർത്ഥനയോടെ ആചാര്യ സംഗമവും നടക്കും.
വിവിധ ആദ്ധ്യാത്മിക സംഘടനകളുമായി സഹകരിച്ച് വളരെ വിപുലമായാണ് ഇത്തവണ ഗീതാമഹോത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ, മൂകാംബിക തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമുഖ്യന്മാർ, പാലക്കാട് മഞ്ഞപ്ര രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി പൂർണാനന്ദ തീർത്ഥ, വടക്കാഞ്ചേരി ജ്ഞാനനാന്ദാശ്രമം മഠാധിപതി നിഗമാനന്ദ തീർത്ഥപാദർ, നിലമ്പൂർ രാമകൃഷ്ണാശ്രം മഠാധിപതി ആത്മസ്വരൂപാനന്ദ സ്വാമികൾ, വിദ്യാസാഗർ ഗുരുമൂർത്തി, പാലക്കാട് ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ, ഗുരുവായൂർ പുരാണ പാരായണ സമിതി രക്ഷാധികാരി സ്വാമി കൃഷ്ണാനന്ദ സരസ്വതി സ്വാമികൾ തുടങ്ങി ആദ്ധ്യാത്മികാചാര്യന്മാർ, സാംസ്കാരിക നായകന്മാർ, സന്യാസി വര്യന്മാർ ഉൾപ്പെടെ പല പ്രമുഖരും ഗീതാമഹോത്സവത്തിൽ പങ്കെടുക്കും.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും ഓഡിറ്റോറിയത്തോട് ചേർന്ന് പടുകൂറ്റൻ പന്തലൊരുക്കിയുമാണ് ഗീതാ മഹോത്സവം സംഘടിപ്പിക്കുന്നത്. ഗീതാമഹോത്സവത്തിൽ, മൂവായിരത്തിലേറെ പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാമി കൃഷ്ണാത്മാനന്ദ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, സി. വിശ്വനാഥൻ, ഗുരുവായൂർ കണ്ണൻ സ്വാമി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |