കൊച്ചി: പ്രീമിയം സ്കൂട്ടറായ വെസ്പയ്ക്ക് പുറത്തേക്ക് ഇന്ത്യയുടെ ഇരുചക്ര വാഹനവിപണിയിൽ പ്രവേശിക്കാനൊരുങ്ങി പിയാജിയോ. ജൂണിൽ നടക്കുന്ന വിപണിപഠനഫലം പരിശോധിച്ച്, കാര്യങ്ങൾ അനുകൂലമാണെങ്കിൽ ഏറ്റവുമടുത്ത് തന്നെ പിയാജിയോയിൽ നിന്നുള്ള പുതിയ സ്കൂട്ടറുകൾ ഇന്ത്യയുടെ നിരത്തുകളിലോടി തുടങ്ങും. ഇന്ത്യയ്ക്ക് പുറമെ ആഫ്രിക്കൻ വിപണിയെയും ഉന്നംവച്ച് നിർമ്മിക്കുന്നതാവും ഈ പുതിയ സ്കൂട്ടറുകൾ. അങ്ങനെയെങ്കിൽ ഇറ്റാലിയൻ കമ്പനിയായ പിയാജിയോയുടെ കയറ്റുമതി കേന്ദ്രം കൂടിയാകും ഇന്ത്യ.
ഇന്ത്യൻ ഇരുചക്ര വാഹനവിപണി വളർന്നു കൊണ്ടിരിക്കുന്നതിനാൽ പ്രീമിയം ടുവീലർ ആയ വെസ്പയ്ക്ക് പുറമെ പിയാജിയോയ്ക്ക് മികച്ച അവസരമുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിഷേൽ കോളാനിനോ നേരത്തെ പറഞ്ഞിരുന്നു. പ്രീമിയം ശ്രേണിയിൽ അല്ലാതെ സാധാരണക്കാർക്കായി നിർമ്മിക്കുന്നതാകും പുതിയ സ്കൂട്ടറുകൾ.
അതേസമയം, ഇന്ത്യയിൽ ഇലക്ട്രിക് 3-വീലർ, 2-വീലർ പുറത്തിറക്കുന്നതിൽ അൽപം കൂടി കാത്തിരിക്കാനാണ് കമ്പനിയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |