കൊച്ചി: കേരളം ആസ്ഥാനമായ കമ്പനികളിൽ മൂലധന നിക്ഷേപം നടത്തുന്നതിനായി പുതിയ ഫണ്ടുമായി പ്രമുഖ പ്രവാസി സംരംഭകനും നിക്ഷേപകനുമായ സിദ്ധാർത്ഥ് ബാലചന്ദ്രൻ രംഗത്ത്. പ്രധാനമായും കേരളത്തിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മൂലധനം ലഭ്യമാക്കുന്നതിനായി 500 കോടി രൂപയുടെ നിക്ഷേപ ഫണ്ടിന് രൂപം നൽകാനാണ് ആലോചിക്കുന്നത്. കേരളത്തിലെ ലിസ്‌റ്റഡ്, അൺലിസ്‌റ്റഡ് കമ്പനികളിലാകും ഫണ്ട് കൂടുതലായി നിക്ഷേപം നടത്തുന്നത്. എ.ഐ അധിഷ്‌ഠിത ടെക്ക് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്‌ക്ക് ഊർജം പകരാനാണ് ശ്രമം. നിക്ഷേപ സാദ്ധ്യതകൾ പഠിക്കാനായി ലോകത്തിലെ മുൻനിര കൺസൾട്ടിംഗ് കമ്പനികളെ ചുമതലപ്പെടുത്തുമെന്ന്
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ആസ്ഥാനമായുള്ള ബ്യൂമെർക്കിന്റെ എക്‌സിക്യുട്ടീവ് ചെയർമാനും സി.ഇ.ഒയുമായ സിദ്ധാർഥ് ബാലചന്ദ്രൻ പറഞ്ഞു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ (ബിഎസ്ഇ) 3.01 ശതമാനം ഓഹരി പങ്കാളിത്തമുള്ള മുൻനിര വ്യക്തിഗത നിക്ഷേപകനാണ് അദ്ദേഹം. ഇതിന് പുറമെ, നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ച് (എൻ.എസ്.ഇ), എസ്.ബി.ഐ, എൽ.ഐ.സി, എൻ.എസ്.ഡി.എൽ എന്നിവയിലും സിദ്ധാർത്ഥ് ബാലചന്ദ്രന് ഓഹരി പങ്കാളിത്തമുണ്ട്. എറണാകുളം സ്വദേശിയായ സിദ്ധാർഥ് 2023ലെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |