ബീമ സഖി യോജന ഗ്രാമങ്ങളിൽ ലഭ്യമാക്കാൻ പദ്ധതി
കൊച്ചി: ഗ്രാമീണ മേഖലയിൽ ബീമ സഖി യോജന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും(എൽ.ഐ.സി) കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചു. കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന ദേശീയ സാമ്പത്തിക ഉൾപ്പെടുത്തൽ സമ്മേളനമായ 'അനുഭൂമി'യിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഇൻഷ്വറൻസ് ബിസിനസിൽ സ്ത്രീകൾക്ക് മികച്ച പങ്കാളിത്തവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പദ്ധതിയാണ് ബീമ സഖി യോജന. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രതിഫലത്തോടൊപ്പം ഏജന്റുമാർക്ക് അധിക ആനുകൂല്യങ്ങളും നൽകുന്നു. സ്ത്രീകൾക്ക് ദീർഘകാല സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നതിനും ഇൻഷ്വറൻസ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ ബീമ സഖി ഏജന്റുമാർക്ക് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ആദ്യ വർഷം 7000 രൂപയും രണ്ടാം വർഷം 6000 രൂപയും മൂന്നാം വർഷം 5000 രൂപയും പ്രതിമാസ സ്റ്റൈപ്പന്റ് നൽകും.
ദീനദയാൽ അന്ത്യോദയ യോജനയ്ക്ക് കീഴിലുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ ബീമ സഖി യോജനയുടെ സവിശേഷതകളുമായി യോജിക്കുന്നതാണ്. ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പങ്കാളിത്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |