തിരുവനന്തപുരം: വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 81,040 രൂപയാണ്. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 10,130 രൂപയാണ്. പണിക്കൂലി, ജിഎസ്‌ടി എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷമോ അതിലധികമോ രൂപ ചെലവാക്കേണ്ട സാഹചര്യമാണ്. പലരും ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്തുന്നതാണ് സ്വർണവില കുതിച്ചുയരാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ ഈ സാഹചര്യം തുടരാനാണ് സാദ്ധ്യത. ദീപാവലി വരുന്ന സാഹചര്യമായതിനാൽ പവന് വില 85,000 വരെ എത്താൻ സാദ്ധ്യതയുണ്ട്.
ലോകത്ത് വിശ്വസിക്കാവുന്ന ഏക നിക്ഷേപമെന്ന നിലയിൽ സ്വർണം മാറിയതാണ് ഈ കുതിപ്പിന് കാരണമെന്ന് സ്വർണ വിപണിയുടെ നിരീക്ഷകനും വിദഗ്ദ്ധനുമായ എസ് അബ്ദുൽ നാസർ പറഞ്ഞത്. വില കൂടിയതോടെ സംസ്ഥാനത്ത് സ്വർണത്തോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ദീപാവലിയോടെ താൽപര്യം കൂടുന്നതാണ് ട്രെൻഡ്. ദീപാവലിക്ക് നിക്ഷേപ താൽപര്യം കൂടുന്നതോടെ ഡിമാൻഡും കൂടും.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്കയുടെ താരിഫ് ഇടപെടലുകളും യൂറോപ്പിലേയും മദ്ധ്യേഷ്യയിലേയും യുദ്ധസാഹചര്യവും കറൻസികളെ ദുർബലമാക്കുന്നു. കൂടാതെ അമേരിക്കയിലെ അനിശ്ചിതാവസ്ഥ ജാപ്പനീസ് യെന്നിനെതിരെ ഡോളറിന്റെ മൂല്യം ഇടിച്ചതും സ്വർണത്തിലേക്ക് നിക്ഷേപം മാറാൻ ഇടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |