പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് തിരിച്ചടി; ഇനി ചെലവ് കൂടും, പുതിയ തീരുമാനവുമായി മന്ത്രാലയം

Tuesday 05 May 2026 12:14 PM IST

ദുബായ്: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താൽക്കാലികമായി വിദൂരപഠന സംവിധാനം നടപ്പാക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം. ഇന്നലെ രാജ്യത്ത് ഇറാന്റെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഴ്‌സറികൾ, സർക്കാർ - സ്വകാര്യ സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഇന്ന് മുതൽ മേയ് എട്ട് വെള്ളിയാഴ്‌ച വരെയാണ് ഓൺലൈൻ പഠനം തുടരുക.

വെള്ളിയാഴ്‌ച വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഓൺലൈൻ പഠന കാലയളവ് നീട്ടുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, ക്ലിനിക്കൽ പരിശീലനം, ലബോറട്ടറി പ്രവർത്തനം, പ്രാക്‌ടിക്കൽ/ ഫീൽഡ് പഠനം, നേരിട്ടുള്ള പരീക്ഷകൾ എന്നിവ ആവശ്യമായ പ്രധാന അക്കാഡമിക് കോഴ്‌സുകൾക്ക് ഇളവുകൾ അനുവദിക്കാവുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ - ശാസ്‌ത്രീയ ഗവേഷണ മന്ത്രാലയം അറിയിച്ചു.

യുഎസ് - ഇസ്രായേൽ - ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെയും യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. യുഎഇയുടെ അടിയന്തര മുന്നറിയിപ്പ് സംവിധാനം ഇന്നലെ മൂന്നര മണിക്കൂറിൽ അഞ്ച് തവണയാണ് പ്രവർത്തിച്ചത്.

നീണ്ട ഏഴ് ആഴ്‌ചത്തെ ഓൺലൈൻ ക്ലാസിന് ശേഷം ഏപ്രിൽ 20 തിങ്കളാഴ്‌ചയാണ് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ പുനഃരാരംഭിച്ചത്. അതിനിടെയാണ് വീണ്ടും ഓൺലൈൻ ക്ലാസിലേക്ക് പോകുന്നത്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം മനസിലാക്കി വേണ്ട മാറ്റം വരുത്തി കുട്ടികളുടെ വിദ്യാഭ്യാസം തുടരണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.

അതേസമയം, മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ യുഎഇയിൽ കുടുംബമായി താമസിക്കുന്നുണ്ട്. കുട്ടികൾ വീട്ടിലിരുന്ന് പഠിക്കുന്നത് മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നേരത്തേ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകാൻ കഴിയാത്തതിനാൽ പല മാതാപിതാക്കളും വർക്ക് ഫ്രം ഹോം തിരഞ്ഞടുത്തു. മറ്റുചിലർ ലീവെടുത്തു. ചിലർ വീട്ടിൽ കുട്ടികളെ നോക്കാൻ ജോലിക്കാരെ വച്ചു. ഇത് ചെലവ് വർദ്ധിപ്പിക്കുന്ന കാര്യമാണ്. ഇപ്പോൾ വീണ്ടും ഇതേ അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്.