
ബെയിജിംഗ്: ലോകജനസംഖ്യയില്‍ മുന്നില്‍ നിന്ന ചൈനയിപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കുത്തനെ ഇടിയുന്ന ജനസംഖ്യയാണ്. ജനസംഖ്യ ഉയര്‍ന്നു നിന്ന കാലമത്രയും ജനനനിയന്ത്രണത്തിനായുള്ള നടപടികള്‍ സ്വീകരിച്ച ചൈന ഇപ്പോള്‍ നേരിടുന്നത് കനത്ത വെല്ലുവിളിയാണ്.
പ്രതിവർഷം ജനനങ്ങളേക്കാൾ കൂടുതൽ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സ്ഥിതി തുടർന്നാൽ 2100 ആകുമ്പോഴേക്കും ചൈനയിലെ ജനസംഖ്യ പകുതിയായി കുറയുമെന്നാണ് വിദഗ്ധരുടെ പ്രവചനം. നിലവിൽ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ചൈനയാകട്ടെ രണ്ടാമതും. ചൈനയ്ക്ക് ഇനിയൊരു തിരിച്ചുവരവ് സാദ്ധ്യമല്ലെന്നാണ് വിലയിരുത്തൽ.
ജനസംഖ്യ നിയന്ത്രിക്കാനായി 1980 മുതൽ 2016 വരെ 'ഒറ്റക്കുട്ടി നയം' കർശനമായി നടപ്പാക്കിയ ചൈനയിൽ ഇന്ന് ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ജനസംഖ്യയിലെ തകർച്ച പരിഹരിക്കാൻ സബ്‌സിഡികളും നികുതി ഇളവുകളും ചൈനീസ് സർക്കാർ വാഗ്ദാനം ചെയ്തിട്ടും സ്ത്രീകൾ ഇതിനോട് മുഖം തിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 18നും 24നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ പകുതിയോളം പേരും തങ്ങൾക്ക് കുട്ടികൾ വേണ്ടെന്ന നിലപാടിലാണ്.
1991ൽ ഷാൻഡോംഗ് പ്രവിശ്യയിലെ ഷെൻ കൗണ്ടിയിൽ നടപ്പാക്കിയ ക്രൂരമായ 'ചൈൽഡ്‌ലെസ്സ് 100 ഡെയ്‌സ്' നയത്തിന്റെ ഇരകൾ ഇന്നും ചൈനയിലുണ്ട്. അക്കാലത്ത് 100 ദിവസത്തേക്ക് പ്രദേശത്ത് ഒരു കുഞ്ഞ് പോലും ജനിക്കാൻ പാടില്ലെന്നായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവ്. ഇതിന്റെ ഭാഗമായി ഗർഭിണികളെ ബലമായി പിടിച്ചുകൊണ്ടുപോയി അബോർഷൻ ചെയ്യിക്കുകയും പ്രസവിച്ച ഉടൻ സ്ത്രീകളെ വന്ധ്യംകരണത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന ഇത്തരം ക്രൂരതകൾക്ക് പുറമെ ഇന്നത്തെ ഉയർന്ന ജീവിതച്ചെലവും ആൺകുഞ്ഞുങ്ങളോടുള്ള താല്പര്യവും കാരണം പെൺഭ്രൂണഹത്യ വർദ്ധിച്ചതും ചൈനയ്ക്ക് തിരിച്ചടിയാകുകയാണ്.
അതേസമയം, ചൈനയുടെ ജനസംഖ്യയിലെ ഈ തകർച്ച ഗണിതശാസ്ത്രപരമായി ഇനി പരിഹരിക്കാനാകാത്ത ഒന്നാണെന്നാണ് പ്രമുഖ അമേരിക്കൻ സംരംഭകനും നിക്ഷേപകനുമായ റോഡ് ഡി മാർട്ടിൻ അഭിപ്രായപ്പെടുന്നത്. ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും കനത്ത വെല്ലുവിളിയാകുകയാണ്.
മാത്രമല്ല രാജ്യത്തെ തൊഴിൽക്ഷാമവും ശമ്പള വർദ്ധനവും ആഗോള ഉൽപ്പാദന വിപണിയെ പ്രതികൂലമായി ബാധിക്കും. ഇതോടെ ചൈനയിലെ നിർമ്മാണ മേഖലകളുടെ എണ്ണം കുറയാൻ തുടങ്ങും. വൻകിട ആഗോള കമ്പനികൾ ജനസംഖ്യ കൂടുതലുള്ള ഇന്ത്യ, വിയറ്റ്നാം, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പാദന ശൃംഖല മാറ്റും. ഈ മാറ്റം ആഗോളതലത്തിൽ ചൈനയുടെ സൂപ്പർ പവർ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |