
മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയനായ ഓൾറൗണ്ടർ വിജയ് ശങ്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വൈകാരിക കുറിപ്പിൽ, നിങ്ങളുടെ ത്രീഡി ക്രിക്കറ്റർ എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു തമിഴ്നാട് താരം പാഡ് അഴിച്ചത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ട്രോളുകൾക്ക് വഴിവയ്ക്കുകയും ചെയ്ത വാക്കാണ് ഇതോടെ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.
2019-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനത്തിനിടെ അന്നത്തെ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദാണ് വിജയ് ശങ്കറെ 'ത്രീഡി ക്രിക്കറ്റർ' എന്ന് വിശേഷിപ്പിച്ചത്. അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി വിജയ് ശങ്കറെ ടീമിൽ എടുത്തത് ന്യായീകരിക്കാനായിരുന്നു ഇത്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് മേഖലകളിലും ഒരേപോലെ തിളങ്ങാൻ വിജയ്ക്ക് കഴിയുമെന്നായിരുന്നു സെലക്ടറുടെ വാദം. ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റപ്പോൾ വിജയ് ചില മത്സരങ്ങളിൽ കളിച്ചെങ്കിലും, വൈകാതെ വിജയിയും പരിക്കേറ്റ് പുറത്തായി. എന്നാൽ 'ത്രീഡി' എന്ന ആ വിളിപ്പേര് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ബെഞ്ച്മാർക്കായി അവശേഷിച്ചു.
ഇപ്പോൾ വിജയ് ശങ്കറിന്റെ വിരമിക്കൽ വാർത്ത ചർച്ചയാകുന്നതിനോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ എത്രയൊക്കെ പ്രതിഭകളുണ്ടെന്ന് പറഞ്ഞാലും ഹാർദിക്കിന് പകരക്കാരനാകാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. ഹാർദിക് ടീമിൽ ഇല്ലാത്തപ്പോഴെല്ലാം ഇന്ത്യൻ ടീമിന്റെ തുലനാവസ്ഥ തകരാറിലാകുന്നുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.

എന്തുകൊണ്ട് ഹാർദിക് അനിവാര്യനാകുന്നു
ഏത് സമ്മർദ്ദഘട്ടത്തിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശേഷിയുള്ള മികച്ച 'ക്ലച്ച് പ്ലെയർ' ആണ് ഹാർദിക് പാണ്ഡ്യ. അവസാന ഓവറുകളിൽ അതിവേഗം റൺസുയർത്തി മത്സരം അനുകൂലമാക്കാൻ കഴിയുന്ന ബാറ്റിംഗ് കരുത്തും, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാർട്ണർഷിപ്പുകൾ തകർക്കാൻ കെൽപ്പുള്ള മീഡിയം പേസ് ബൗളിംഗും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഇതിനൊപ്പം ഇന്ത്യൻ നിരയിലെ ഏറ്റവും ചടുലനായ ഫീൽഡർമാരിൽ ഒരാൾ കൂടിയായ ഹാർദിക്, തന്റെ ഓൾറൗണ്ട് മികവുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഒഴിച്ചു കൂടാനാകാത്ത താരമായിമാറുന്നത്.
പകരക്കാരെ തേടിയുള്ള ഇന്ത്യയുടെ അലച്ചിൽ
ഹാർദിക്കിന് പരിക്കേൽക്കുന്ന സാഹചര്യങ്ങളിൽ ഒരു ബാക്കപ്പ് ഓപ്ഷൻ കണ്ടെത്താൻ ബിസിസിഐ നിരന്തരം ശ്രമിക്കുന്നുണ്ട്. 2027 ലോകകപ്പ് മുന്നിൽക്കണ്ട് പല താരങ്ങളെയും ഇന്ത്യ പരീക്ഷിക്കുകയാണ്. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ എന്നിവരാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്.
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിനായി ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി മികച്ച ഓൾറൗണ്ടർമാരെ കണ്ടെത്തുക എന്നതായിരിക്കും. ഹാർദിക് ഫിറ്റാണെങ്കിൽ ടീമിലെ ആദ്യ പേര് അദ്ദേഹത്തിന്റേത് തന്നെയാകും. എന്നാൽ ഒരു താരത്തെ മാത്രം അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാദ്ധ്യത ഇന്ത്യക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ അടുത്ത 18 മാസങ്ങൾ ഇന്ത്യൻ യുവ ഓൾറൗണ്ടർമാരെ സംബന്ധിച്ച് നിർണായകമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |