
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ കോടതിക്ക് തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, അതുൽ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.
ഇത്തരം പരാതികളിൽ ചിലർക്ക് മാത്രമായി ഇളവ് നൽകാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹർജികളിലൂടെ മാത്രമേ പരിഹാരം തേടാൻ സാധിക്കുവെന്നും കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഹർജി തള്ളിയാൽ തിരഞ്ഞെടുപ്പ് കമ്മീഷണറെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. നാമനിർദേശപത്രിക തള്ളിയ കേസുകളിൽ സുപ്രീംകോടതി ഇടപെട്ട സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ടോയെന്നും ഹർജിക്കാരിയുടെ അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചു.
തന്റെ പേരിലുള്ള ക്രിമിനൽകേസുകളെക്കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്‌മൂലത്തിൽ മറച്ചുവച്ചെന്നാരോപിച്ചാണ് വരണാധികാരി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. എന്നാൽ, കുറ്റപത്രം സമർപ്പിക്കുകയോ നടപടിയെടുക്കുകയോ ചെയ്‌തിട്ടില്ലാത്തതിനാൽ അതേപറ്റി സത്യവാങ്മൂലത്തൽ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദിച്ചത്. തിരഞ്ഞെടുപ്പ് തടസപ്പെടുത്താനല്ല, മറിച്ച് സുതാര്യമായൊരു തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹർജിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി തറപ്പിച്ച് പറയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |