
മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെകുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പരാമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രാത്രിയിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക്പിന്നിൽ ഇറാനാണെന്നാണ് സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് വാദിക്കുന്നത്. ഏത് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണമാണ് കഴിഞ്ഞദിവസത്തേതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ട്രംപിന്റെ പോസ്റ്റിന് ഇറാൻ പ്രതികരിച്ചതുമില്ല.
'കരാറിലുണ്ടെന്ന് ഇറാൻ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അവ അവാസ്‌തവമാണ്. കഴിഞ്ഞ രാത്രി ഇന്ത്യൻ കപ്പലുകൾക്ക് നേരെ അവർ നടത്തിയ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. അത് ലക്ഷ്യം കണ്ടില്ല.' ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അതേസമയം ഇന്ത്യൻ നാവികരുള്ള മൂന്ന് എണ്ണടാങ്കറുകളാണ് കഴിഞ്ഞദിവസങ്ങളിൽ ആക്രമിക്കപ്പെട്ടത്. ജൂൺ എട്ടിന് പലാവു പതാക വഹിക്കുന്ന മറിവെക്‌സ് എന്ന ഇന്ധന ടാങ്കറിനെ അമേരിക്കൻ സൈന്യം ആക്രമിച്ചു. ഇതിൽ 24 ഇന്ത്യൻ നാവികരുണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷിച്ചു.
മൂന്ന് ദിവസത്തിന്ശേഷം പലാവു പതാക വഹിക്കുന്ന സെറ്റെബെല്ലോ എന്ന ഇന്ധനടാങ്കറിനെ അമേരിക്ക തുടർന്ന് ആക്രമിച്ചു. 24 നാവികരായിരുന്നു ഈ കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ 21പേരെ രക്ഷിച്ചു. മൂന്നുപേർ മരിച്ചു. ഈ സംഭവങ്ങളിൽ ഇന്ത്യ, അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തി അതൃപ്‌തി രണ്ടുവട്ടവും അറിയിച്ചു. ഗിനിയ ഉടമസ്ഥതയുള്ള കപ്പലും കഴിഞ്ഞദിവസം അമേരിക്ക ഹോർമുസിൽ ആക്രമിച്ചിരുന്നു. തുടർന്ന് ഹോർമുസിലടക്കം ജോലി നോക്കുന്ന 18,000 വരുന്ന ഇന്ത്യൻ നാവികർക്കും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |