തമിഴ്നാട്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്: അണ്ണാ ഡിഎംകെ പിളരുന്നു, വിമത പക്ഷം വിജയ്ക്കൊപ്പം ചേരാൻ ധാരണ
ചെന്നൈ: ടി.വി.കെയ്ക്ക് ഭരണത്തിനുള്ള ഭൂരിപക്ഷം തികയ്ക്കാൻ പെടാപാടുപെടുന്നതിനിടെ അണ്ണാ ഡി.എം.കെ പിളർപ്പിലേക്കു നീങ്ങുന്നതായി സൂചന. വേലുമണി, വിജയഭാസ്കർ, സി.വി.ഷൺമുഖം എന്നീ നേതാക്കളുടെ നേതൃത്വത്തിൽ 36 അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ യോഗം ചെന്നൈയിൽ ആരംഭിച്ചു. ടി.വി.കെയ്ക്ക് കേവലഭൂരിപക്ഷത്തിന് രണ്ട് സീറ്റാണ് വേണ്ടത്. രണ്ട് സീറ്റ് കൈയ്യിലുള്ള വി.സി.കെ തീരുമാനം വൈകിക്കുമ്പോഴാണ് അണ്ണാ ഡി.എം.കെയുടെ നാടകീയ നീക്കം.
ഡി.എം.കെയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്നും അണ്ണാ ഡി.എം.കെ രാവിലെ പിൻവാങ്ങിയിരുന്നു. പുതുച്ചേരിയിൽ കഴിഞ്ഞിരുന്ന എം.എൽ.എമാരെ ചെന്നൈയിൽ എത്തിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് ആശംസകൾ എന്ന് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ഇത് അണ്ണാ ഡി.എം.കെ പിൻവാങ്ങുന്നതിന്റെ സൂചനയായിട്ടാണ് തമിഴക രാഷ്ട്രീയം കണ്ടത്.
വി.സി.കെ ഇനിയും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ സംസ്ഥാന സമിതി യോഗത്തിൽ ടി.വി.കെയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടായതായാണ് സൂചന. പാർട്ടി അദ്ധ്യക്ഷൻ തോൽ തിരുമാളവനെ കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലുകാർജ്ജുൻ ഖാർഗെ ഫോണിൽ വിളിച്ച് സംസാരിച്ചു. 'ഇന്ത്യ" മുന്നണിയിൽ പെട്ട വി.സി.കെ ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു.