'പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ': മമതയ്ക്കും സ്റ്റാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിലേഷ് യാദവ്
ന്യൂഡൽഹി: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യം കോൺഗ്രസ് അവസാനിപ്പിച്ചതിന് പിന്നാലെ പരോക്ഷ വിമർശനവുമായി സമാജ്‍വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. 'പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ'എന്ന് കുറിച്ചുകൊണ്ട് മമത ബാനർജിക്കും എം.കെ സ്റ്റാലിനുമൊപ്പമുള്ള ചിത്രങ്ങളും അഖിലേഷ് യാദവ് പങ്കുവച്ചു.
പേരെടുത്ത് പറയാതെയാണ് പരാമർശമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെയാണ് ഉന്നംവച്ചതെന്ന് വ്യക്തമാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് കൊൽക്കത്തയിൽ മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെയും സന്ദർശിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ പോസ്റ്റ്.
തമിഴകത്ത് വർഷങ്ങളായി ഒപ്പത്തിനൊപ്പം നിന്ന ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് ബുധനാഴ്ചയാണ് കോൺഗ്രസ് വിജയ്‍യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ കോൺഗ്രസിലെ അപ്രതീക്ഷിത തീരുമാനം ദേശീയതലത്തിൽ ഇൻഡ്യാ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.