അമരാവതി: ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി മൂന്നംഗ കുടുംബം ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കടപ്പ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കടപ്പ സ്വദേശികളായ ശ്രീരാമുലു (35), ഭാര്യ സിരിഷ (30), ഒന്നരവയസുള്ള മകൻ റിത്വിക് എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ദമ്പതികളും മകനും വഴക്കിന് പിന്നാലെ വീടുവിട്ട് പോയതിനെത്തുടർന്ന് ശ്രീരാമുലുവിന്റെ മുത്തശ്ശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
ഞായറാഴ്‌ച വൈകുന്നേരം ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നു. തർക്കം നീണ്ടതോടെ മുത്തശ്ശിയും ഇടപെട്ടു. സംഘർഷം കൂടിയതോടെ ദമ്പതികൾ കുഞ്ഞിനെയുമെടുത്ത് പുറത്തേയ്ക്ക് പോവുകയുമായിരുന്നു. പിന്നാലെയാണ് വൃദ്ധ കുഴഞ്ഞുവീണ് മരിച്ചത്. ഇതിനിടെ കുഞ്ഞിനെയും കൊണ്ട് ദമ്പതികൾ കടപ്പ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയും പാളത്തിൽ കയറി നിൽക്കുകയുമായിരുന്നു. ഇതുവഴി വന്ന ചരക്ക് ട്രെയിൻ ഇടിച്ചാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |