ന്യൂഡൽഹി: തീർത്ഥാടകരും ടൂറിസ്റ്റുകളും ധാരാളമായി എത്തുന്ന ഉത്തരാഖണ്ഡിലെ ഉത്തരകാശിക്കു സമീപം ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നു മിന്നൽപ്രളയം. നൂറിലേറെപേരെ കാണാതായി. അഞ്ചു മരണം സ്ഥിരീകരിച്ചു.രക്ഷാ പ്രവർത്തനത്തിന് എത്തിയ പത്തു സൈനികരെയും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറെയും കാണാതായി.
ഇതിനു പുറമേ, സൈനിക ക്യാമ്പ് സ്ഥിതി ചെയ്യുന്ന
സമീപ പ്രദേശമായ ഹർസിലിൽ പത്തോളം സൈനികരെയും കാണാതായി. ഈ സൈനിക ക്യാമ്പിൽ നിന്നാണ് നാലു കിലോമീറ്റർ അകലെയുള്ള ധരാലിയിലേക്ക് രക്ഷദൗത്യത്തിന് 150 അംഗസംഘം മിന്നൽവേഗത്തിൽ എത്തിയത്.
ചാർധാം തീർത്ഥാടന കേന്ദ്രളിലൊന്നായ ഗംഗോത്രിയിലേക്കുള്ള പാതയിലെ പ്രഥാന താവളമാണ് ധരാലി. ടൗണിലെ വീടുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും റോഡുകളും ഒഴുകി പോയി. ഇവയുടെ യഥാർത്ഥ കണക്ക് ശേഖരിച്ചു വരികയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ദുരന്തത്തിന് ഇരയായെന്ന് ആശങ്കയുണ്ട്.
50ൽപ്പരം പേരെ രക്ഷിച്ച് ഹർസിലിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഹൃഷികേശിലെ എയിംസിലേക്കും കൊണ്ടുപോയി. രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഐ.ടി.ബി.പി സംഘങ്ങളെയും നിയോഗിച്ചു.
മേഖലയെ ഒന്നാകെ വിഴുങ്ങി കൊണ്ട് നീങ്ങുന്ന മിന്നൽ പ്രളയത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചെളിയിൽ പുതഞ്ഞുപോയ ഒരാൾ അതിസാഹസികമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യവും പുറത്തുവന്നു.
കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളിലെ റോഡുകൾ അടച്ചു. ജ്യോതിർമഠ് - മലരി മോട്ടോർ റോഡ് സാൽധറിന് സമീപം ഒലിച്ചുപോയി.
ധരാലി ദുരന്തമുണ്ടായി മണിക്കൂറുക്കൾക്കം സമീപത്തെ സുഖി ടോപ്പിൽ മറ്റൊരു മേഘവിസ്‌ഫോടനമുണ്ടായി. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്‌ക്കരമാക്കി. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി.
#പരിസ്ഥിതി ലോലമേഖല
ഹിമാലയൻ മലനിരകളിലെ ഭാഗീരഥി പരിസ്ഥിതിലോല മേഖലയിൽപ്പെട്ട താഴ്വരയാണിത്.
ഇന്നലെ ഉച്ചയ്‌ക്ക് 01.45ഓടെ ആയിരുന്നു ദുരന്തം. ഖീർ ഗംഗാ നദിയുടെ വൃഷ്‌ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തം വിതച്ചത്. ഒരു ചെറിയ ഭൂമേഖലയിൽ കുറഞ്ഞസമയം കൊണ്ട് അതിതീവ്രമഴ പെയ്യുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനം. 21 സെന്റിമീറ്റർ (എട്ട് ഇഞ്ച്) അതിതീവ്ര മഴ പെയ്‌തുവെന്നാണ് സൂചന.
വിവരങ്ങൾക്ക്: 01374222126, 01374222722, 9456556431
മുൻപും മേഘവിസ്‌ഫോടനങ്ങൾ
1. 2012ൽ അസി ഗംഗ മേഖലയിൽ - 35 പേർ മരിച്ചു
2. 2012ൽ തന്നെ രുദ്രപ്രയാഗിൽ - 69 പേർ മരിച്ചു
3. 2013ൽ കേദാർനാഥിൽ - 4000ൽപ്പരം പേർ മരിച്ചെന്ന് കണക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |