
ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്‌നൂർ സെക്ടറിൽ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന. രാജ്‌പുരി ജില്ലയിലെ ബുധൽ സ്വദേശിയായ അബ്‌ദുൾ ഖാലികാണ് എകെ റൈഫിളുമായി പിടിയിലായത്. പൂഞ്ച്, രാജ്‌പുരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ ഓവർഗ്രൗണ്ട് വർക്കറായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.
വർഷങ്ങൾക്കുമുമ്പ് അബ്ദുൾ ഖാലിക്കിനെ കാണാതായിരുന്നു. ആയുധ പരിശീലനത്തിനായി ഇയാൾ പാകിസ്ഥാനിലേക്ക് കടന്നിരുന്നുവെന്നും അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായെന്നുമാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. തുടർനടപടികൾക്കായി ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്.
പ്രദേശത്തെ ഭൂപ്രകൃതി മനസിലാക്കി പ്രാദേശിക ഭീകരരെ ഉപയോഗിച്ച് ജമ്മു കാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കത്തെ ഇന്റലിജൻസ് വിഭാഗം വിലയിരുത്തുന്നത്.ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം, സാംബ, കത്വ, ജമ്മു സെക്ടറുകൾക്ക് അഭിമുഖമായി സിയാൽകോട്ട്, സഫർവാൾ മേഖലകളിൽ 12 ലോഞ്ച് പാഡുകൾ പാകിസ്ഥാൻ സജീവമാക്കിയതായി വിവരമുണ്ട്. ഇതേ തുടർന്ന് അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജൻസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |