
കൊൽക്കത്ത: ലോക ഫുട്‌ബോൾ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിൽ. മലയാളികൾ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന നിമിഷമാണിത്. അർജന്റീന സൂപ്പർ താരം ലയണൽ മെസി ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ എത്തിയത്. പുറത്ത് ആയിരക്കണക്കിന് ആരാധകരാണ് മെസിയെ കാണാനായി ഇന്നലെ വൈകിട്ട് മുതൽ കാത്തുനിന്നത്. വിമാനമിറങ്ങിയ മെസിയെ വലിയ സുരക്ഷയിലാണ് താമസസ്ഥലത്തേക്ക് കൊണ്ടുപോയത്.
മൂന്ന് ദിവസത്തെ സന്ദശനത്തിനായാണ് മെസി ഇന്ത്യയിലെത്തിയത്. അർജന്റീന സൂപ്പർ താരങ്ങളായ റോഡ്രിഗോ ഡി പോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരും ഒപ്പമുണ്ട്. 'എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി'ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഗോട്ട് ഇന്ത്യ ടൂർ 2025' പരിപാടിക്കായാണ് മെസി ഇന്ത്യയിലെത്തിയത്.
ഇന്ന് രാവിലെ ആരാധകരുമായുള്ള മുഖാമുഖ പരിപാടിയോടെയാണ് ഇന്ത്യയിലെ പരിപാടികൾക്ക് തുടക്കം കുറിക്കുക. കൊൽക്കത്ത ശ്രീഭൂമി സ്‌പോർട്ടിംഗ് ക്ലബ് നിർമിച്ച 70 അടി ഉയരമുള്ള മെസി പ്രതിമ ലയണൽ മെസി അനാവരണം ചെയ്യും. ഹോട്ടൽ മുറിയിൽ നിന്ന് വെർച്വലായാണ് മെസി അനാവരണച്ചടങ്ങ് നിർവഹിക്കുക.
ഉച്ച കഴിഞ്ഞ് ഹൈദരാബാദിലേക്ക് പോകുന്ന മെസി അവിടെ പ്രദർശന മത്സരം കളിക്കും. പിറ്റേന്ന് മുംബയിലെ പരിപാടികൾക്ക് ശേഷം 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തും. വിക്‌ടോറിയ സ്‌മാരകത്തിന് സമീപത്തെ താജ് ബംഗാൾ ഹോട്ടലിലാണ് മെസിയുടെയും സംഘത്തിന്റെയും താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |