
മുംബയ്: കഴിഞ്ഞ കാല്‍നൂറ്റാണ്ടായുള്ള തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് ബോളിവുഡ് സൂപ്പര്‍താരം. ഭക്ഷണം, ജോലി, സൗഹൃദം എന്നിവയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത് സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ ആണ്. ജിദ്ദയില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലെ ഒരു സെഷനില്‍ സംസാരിക്കവേ ആണ് തന്റെ ജീവിതരീതിയെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും സല്‍മാന്‍ പറഞ്ഞത്. യാത്രകള്‍, ജോലി എന്നിവയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ തന്റെ ജീവിതമെന്നും ഖാന്‍ പറയുന്നു.
ജീവിതത്തില്‍ സുഹൃത്തുക്കളും കുടുംബവും ആയിരുന്നു തനിക്ക് എല്ലാമെന്നും എന്നാല്‍ പലരേയും ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നുമാണ് സല്‍മാന്‍ ബന്ധങ്ങളേക്കുറിച്ച് വെളിപ്പെടുത്തിയത്. അടുപ്പമുണ്ടായിരുന്ന നിരവധിപേരുണ്ട് പക്ഷേ പലരും ഇന്ന് ജീവിതത്തില്‍ കൂടെയില്ല - സല്‍മാന്‍ പറഞ്ഞു. ഏകദേശം 25-26 വര്‍ഷമായി ഡിന്നറിന് പുറത്തേക്ക് പോയിട്ടില്ലെന്നും സല്‍മാന്‍ പറയുന്നു. ഇപ്പോള്‍ വളരെയധികം കാലമായി ജോലിയുമായി ബന്ധപ്പെട്ടാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും മറ്റ് കാര്യങ്ങളില്‍ അത്രകണ്ട് ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
യാത്രകളെന്ന് പറയുമ്പോള്‍ വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് അവിടെ നിന്ന് സിനിമ ഷൂട്ടിംഗ് സെറ്റുകളിലേക്കും പ്രോഗ്രാം വേദികളിലേക്കും. അവിടെ നിന്ന് താമസിക്കുന്ന ഹോട്ടലുകളിലേക്ക് പോകും. ജീവിതം ജോലിയും യാത്രകളും ചുറ്റിപ്പറ്റിയാണ്. 'വീട്ടില്‍ നിന്ന് ഷൂട്ടിങ് സെറ്റിലേക്ക്, അവിടെനിന്ന് എയര്‍പോര്‍ട്ടിലേക്ക്, എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്ക്, പിന്നെ അവിടെ നിന്ന് പരിപാടികളിലേക്ക്... ഇതാണ് എന്റെ ജീവിതം' - സല്‍മാന്‍ പറഞ്ഞു നിര്‍ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |