ട്രെയിനിൽ നിന്ന് കുടിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പ്; പിടികൂടിയത് പ്രമുഖ ബ്രാൻഡിന്റെ പേരിലുള്ള വ്യാജ ബോട്ടിലുകൾ

Tuesday 19 May 2026 5:21 PM IST

ലക്‌നൗ: ട്രെയിനുകളിൽ വ്യാജ കുടിവെള്ളം ഉൾപ്പെടെയുള്ള അനധികൃത ഭക്ഷ്യ ഉൽപ്പന്നങ്ങൾ യാത്രക്കാർക്കിടയിൽ വ്യാപകമായി വിൽപ്പന നടത്തുന്നതായി കണ്ടെത്തൽ. ഇത്തരത്തിൽ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 12 പെട്ടി കുപ്പിവെള്ളം ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ബേഗംപുര എക്‌സ്‌പ്രസിൽ നിന്നുമാണ് കുപ്പികൾ പിടികൂടിയത്. പരിശോധനയിൽ പ്രമുഖ കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ വ്യാജ ലേബലിലാണ് ഇവ വിൽപ്പന നടത്തിയിരുന്നതെന്ന് കണ്ടെത്തി. ടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളം വൃത്തിഹീനമായ സാഹചര്യത്തിൽ കുപ്പികളിൽ നിറച്ച ശേഷം ബിസ്‌ലേറിയുടെ വ്യാജലേബൽ ഒട്ടിച്ച് വിൽപന നടത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നേരത്തെയും ബിസ്‌ലേരിയുടെ വ്യാജ ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേകാലയളവിൽ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നിന്ന് വ്യാജമായി കുപ്പിയിൽ നിറച്ച 13,076 ലിറ്റർ കുടിവെള്ളം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

ഇത്തരം ഉൽപ്പന്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യാത്രക്കാർക്ക് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. വ്യാജബ്രാൻഡുകളിൽ വിൽക്കുന്ന കുടിവെള്ളത്തിന്റെ സുരക്ഷയിൽ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. മലിനമായ വെള്ളത്തിലൂടെ കഠിനമായ ഛർദ്ദി, വയറിളക്കം, വയറുവേദന, നിർജലീകരണം എന്നിവയുണ്ടാകാമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്.