SignIn
Kerala Kaumudi Online
Monday, 18 May 2026 11.18 PM IST

ജൂൺ ഒന്നുമുതൽ സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്രയും പ്രതിമാസം 3000 രൂപയും; പ്രഖ്യാപനവുമായി ബംഗാൾ സർക്കാർ

bus

കൊൽക്കത്ത: സ്‌ത്രീകൾക്ക് സൗജന്യ ബസ്‌യാത്രയും പ്രതിമാസ ധനസഹായവും പ്രഖ്യാപിച്ച് പശ്ചിമബംഗാൾ സർക്കാർ. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ചേർന്ന രണ്ടാമത് മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രഖ്യാപനം. മതത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കിയ സർക്കാർ സ്‌ത്രീക്ഷേമത്തിന് മുൻഗണന നൽകിയാണ് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അന്നപൂർണ യോജന പ്രകാരം സംസ്ഥാനത്തെ സ്‌ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകും. നിലവിൽ ലക്ഷ്‌മിർ ഭണ്ഡാർ പദ്ധതിയിൽ ഉൾപ്പെട്ടവർ നേരിട്ട് ഈ പദ്ധതിയിലേക്ക് മാറും. ജൂൺ ഒന്നുമുതൽ സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചു. 2010നും 2024നും ഇടയിൽ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ വിഭാഗങ്ങളെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. ഈ വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തിൽനിന്നുള്ളവരായിരുന്നു. 2024ലെ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.ഇൻഫർമേഷൻ, കൾച്ചറൽ അഫയേഴ്‌സ്, മൈനോറിറ്റി അഫയേഴ്‌സ്, മദ്‌റസ എജ്യുക്കേഷൻ എന്നീ വകുപ്പുകൾ മതവിഭാഗത്തിൽപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികൾ ഈ മാസം അവസാനം വരെ തുടരും.

ഇമാമുമാർക്കും ഹിന്ദു പുരോഹിതന്മാർക്കും നൽകിയിരുന്ന പ്രതിമാസ സ്റ്റൈപ്പന്റുകൾ നിർത്തലാക്കി. ക്ഷേമ പരിപാടികൾ മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതാകരുതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഈ തുക ഇനിമുതൽ 'വിവേകാനന്ദ മെറിറ്റോറിയസ് സ്‌കോളർഷിപ്പിനായി ഉപയോഗിക്കും. 2012 ൽ മമത ബാനർജി സർക്കാർ ആരംഭിച്ച ഇമാം അലവൻസും 2020ൽ ആരംഭിച്ച പുരോഹിത അലവൻസുമാണ് നിർത്തലാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TRANSPORT, TRAVEL, WOMEN, GOVERNMENT, BANGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360