ന്യൂഡൽഹി: ബീഹാറിലെ ഡൽഹി - കൊൽക്കത്ത ദേശീയ പാതയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസം. കഴിഞ്ഞ വെള്ളിയാഴ്‌ച ബീഹാറിലെ റോഹ്‌താസ് ജില്ലയിൽ കനത്ത മഴ പെയ്‌തതിനെത്തുടർന്ന് വിവിധ റോഡുകളിൽ വെള്ളക്കെട്ടുണ്ടായിരുന്നു. റോഡുകളിൽ കുഴികൾ നിറഞ്ഞതും ഗതാഗതക്കുരുക്കിന് കാരണമായി.
റോഹ്‌താസിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ഓറംഗബാദ് വരെ ഗതാഗതക്കുരുക്ക് നീണ്ട് കിടക്കുകയാണ്. 24 മണിക്കൂറിൽ വെറും അഞ്ച് കിലോമീറ്റർ താണ്ടാൻ മാത്രമാണ് സാധിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രാദേശിക ഭരണകൂടം നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ദേശീയ പാത അധികൃതരോ റോഡ് നിർമാണ കമ്പനിയോ ഗതാഗതക്കുരുക്ക് മാറാനുള്ള നടപടിയെടുക്കുന്നില്ലെന്നാണ് വാഹന യാത്രികർ പരാതിപ്പെടുന്നത്.
'കഴിഞ്ഞ 30 മണിക്കൂറിനിടെ വെറും ഏഴ് കിലോമീറ്റർ മാത്രമാണ് നമ്മൾ കടന്നത്. ടോളുകളും നികുതിയും മറ്റ് ചെലവുകളും വഹിച്ചിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ട് വലയേണ്ടതായി വരുന്നു. ദേശീയ പാത അധികൃതരോ റോഡ് നിർമാണ കമ്പനിയുടെ പ്രതിനിധികളോ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല'- ട്രക്ക് ഡ്രൈവറായ പ്രവീൺ സിംഗ് പറഞ്ഞു. ദിവസങ്ങളായി ഇവിടെ പെട്ടിരിക്കുകയാണ്. വിശപ്പും ദാഹവുംകൊണ്ട് വലയുന്നുവെന്ന് മറ്റൊരു ട്രക്ക് ഡ്രൈവറായ സഞ്ജയ് സിംഗ് പരാതിപ്പെട്ടു. വലിയ വാഹനങ്ങൾക്ക് പുറമെ കാൽനടയാത്രക്കാരും ആംബുലൻസുകളും, വിനോദ സഞ്ചാരികളും ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പ്രതിസന്ധി നേരിടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |